കൊച്ചി: കേരളത്തിൽ കൊറോണ ഭീഷണിയുള്ള സാഹചര്യത്തിൽ ഹൈക്കോടതിയിൽ പൊതുജനങ്ങളും വ്യവഹാരികളും പ്രവേശിക്കുന്നത് വിലക്കി. ആളുകൾ കൂട്ടംചേരുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി രജിസ്ട്രാർ കെ. ഹരിപാൽ ഉത്തരവിറക്കിയത്.
മറ്റു നിയന്ത്രണങ്ങൾ :
കോടതി ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി.
ഹൈക്കോടതി ജീവനക്കാർക്കും അഡ്വക്കേറ്റ് ജനറൽ ഒാഫീസിലെ ജീവനക്കാർക്കും അഭിഭാഷക ക്ളാർക്കുമാർക്കും ഒൗദ്യോഗിക തിരിച്ചറിയൽ കാർഡ് കാണിച്ച് പ്രവേശിക്കാം.
മീഡിയേഷൻ നടപടികളും അദാലത്തുകളും ഇനിയൊരുത്തരവുവരെ റദ്ദാക്കി.
കോടതി സമുച്ചയത്തിലെ പൊതുയിടങ്ങളിൽ തുടർച്ചയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
പടികളുടെയും എസ്കലേറ്ററുകളുടെയും കൈവരികൾ, വാതിൽ പിടികൾ, ലിഫ്റ്റിന്റെ സ്വിച്ചുകൾ തുടങ്ങിയവ കൃത്യമായി ശുചീകരിക്കണം.
ഹൈക്കോടതിയിലേക്ക് പ്രവേശിക്കുന്നവരെയെല്ലാം താപ പരിശോധനയ്ക്ക് (തെർമൽ സ്ക്രീനിംഗ്) വിധേയരാക്കണം.