nisar
നിസാർ

മൂവാറ്റുപുഴ: ടാക്‌സി ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയും നിരവധി കേസിലെ പ്രതിയുമായ പേഴയ്ക്കാപ്പിള്ളി സ്വദേശികളായ വലിയപറമ്പിൽ നിസാർ(മമ്മുട്ടി നിസാർ),തണ്ടിക്കമാലിൽ മനു മാധവനെയും മൂവാറ്റുപുഴ പൊലീസ് മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തു. പേഴയ്ക്കാപ്പിള്ളി സൈബൻ ആശുപത്രിയ്ക്ക് സമീപം ടാക്‌സി ഡ്രൈവറായ നവാസിനെ കഴിഞ്ഞ ഫെബ്രുവരി 18ന് രാത്രി 9ന് കമ്പി വടികൊണ്ട് തലക്കടിച്ചും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ പ്രതികൾ മുങ്ങുകയായിരുന്നു. ആദ്യം തമിഴ്‌നാട്ടിലേയ്ക്കും തുടർന്ന് വിവിധ സ്ഥലങ്ങളിലെ ഒളികേന്ദ്രത്തിൽ മാറി താമസിച്ച് വരുന്നതിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കേരളതമിഴ്‌നാട് അതിർത്തിയിലുള്ള ഒന്നാം പ്രതിയുടെ രണ്ടാം ഭാര്യയുടെ വീടിന് സമീപത്ത് മലപ്പുറം ജില്ലയിലെ എടക്കര കരുളായി വനമേഖലയിൽ നിന്നും പ്രതികളെ പിടികൂടിയത്. 2010, 2014 വർഷങ്ങളിൽ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സമാനസ്വഭാവമുള്ള കേസുകളിലും നിസാർ പ്രതിയാണ്. ഇയാൾക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കുമെന്നും പ്രതികൾ ഒളിവിൽ പോകുന്നതിനും പൊലീസ് നടത്തുന്ന അന്വേഷണങ്ങൾ തത്സമയം പ്രതികളെ അറിയിക്കുന്നതിനും സഹായികളായി പ്രവർത്തിച്ചവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നും എസ്.ഐ. ടി.എം.സൂഫി അറിയിച്ചു.