പറവൂർ : തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മയ്ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ വിധിക്കെതിരെ അപ്പീൽ നൽകാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. പത്തൊമ്പതാം വാർഡിൽ പുഴവൂർ ഗീതാലയത്തിൽ രമാദേവിയെ റോഡിൽ വെച്ച് തെരുവുനായ ആക്രമിച്ചു പരിക്കേൽപ്പിച്ചു എന്ന പരാതിയിൽ നാല് ലക്ഷം രൂപ മാർച്ച് പതിനഞ്ചിന് മുമ്പ് നൽകണമെന്നാണ് വിധി. റിട്ട. സർക്കിൾ ഇൻസ്പെക്ടർ രാജന്റെ ഭാര്യയാണ് രമാദേവി.

2018 ലാണ് കേസിനാസ്പദമായ സംഭവം. രമാദേവിയുടെ വീട്ടിൽ വളർത്തുന്ന പൂച്ചയെ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിൽ രമാദേവിക്ക് കാലിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് നാല് ലക്ഷം നൽകാൻ ഉത്തരവായത്. എന്നാൽ ഇത്തരമൊരു സംഭവം നഗരസഭയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തെരുവുനായയുടെ ആക്രമണം ഉണ്ടായിട്ടില്ലെന്നും പരിസരവാസികളുടെ മൊഴികൾ ചൂണ്ടിക്കാട്ടി നഗരസഭ ഹെൽത്ത് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. നഗരസഭയിൽ യാതൊരു പരാതിയും നൽകിയിരുന്നില്ലെന്ന് നഗരസഭ അധികാരികൾ പറയുന്നു. വിധി എകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭ കൗൺസിൽ യോഗം ഹൈക്കോടതിയിൽ അപ്പീൽ തീരുമാനിച്ചത്.