മുംബയ്: ഓഹരി വിപണിയിൽ നിന്ന് കൊറോണ വൈറസ് ബാധ ഒഴിയുന്നില്ല. ഇന്നലെയും വിപണിക്ക് കനത്ത തിരിച്ചടി. സെൻസെക്സിൽ 2,713 പോയിന്റ് നഷ്ടമായി. നിഫ്റ്റി ക്ളോസ് ചെയ്തത് 9,197ൽ.
സെൻസെക്സ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്നലെ ഉണ്ടായത്. 7.96% നഷ്ടത്തിൽ 31,390 ലായിരുന്നു ക്ളോസിംഗ്. കൊറോണ പ്രശ്നത്തിൽ മാർച്ച് 12ന് ഓഹരി വിപണിയിലുണ്ടായ 2,919 പോയിന്റ് ഇടിവാണ് ഏറ്റവും വലിയ തിരിച്ചടി. നിഫ്റ്റിയുടെയും ചരിത്രത്തിലെ രണ്ടാമത്തെ ഇടിവാണ് ഇന്നലത്തേത്.
ഇന്നലത്തെ വിപണിത്തകർച്ച ഓഹരി മൂല്യത്തിൽ ഉണ്ടാക്കിയ നഷ്ടം 7.62 ലക്ഷം കോടി രൂപ. 2020 പിറന്ന ശേഷം ഇതുവരെ ഓഹരി വിപണിയിൽ നിന്ന് 38,93,205 ലക്ഷം കോടി രൂപയാണ് ഒഴുകിപ്പോയത്.
ഇൻഡസ് ഇൻഡ്, ആക്സിസ്, ഐ.സി.ഐ.സി.ഐ., എച്ച്.ഡി.എഫ്.സി ബാങ്കുകൾ, ബജാജ് ഫിനാൻസ്, ടൈറ്റാൻ. 10.45 ശതമാനം വരെ ഇവയുടെ മൂല്യത്തിൽ ഇടിവുണ്ടായി. ഏറ്റവുമധികം പരിക്ക് ഇൻഡസ് ഇൻഡ് ബാങ്കിനാണ്. ഇന്നലെ മാത്രം മൂല്യശോഷണം 17.5 ശതമാനമാണ്.
നിഫ്റ്റിയിലാണെങ്കിൽ മീഡിയ, ലോഹം, റിയൻ എസ്റ്റേറ്റ് ഓഹരികളിൽ 8.91% വരെയാണ് നഷ്ടം.
ദിവസങ്ങളായി കൊറോണ വൈറസിന്റെ വിളയാട്ടമാണ് ഓഹരി വിപണിയിൽ. റഷ്യയും സൗദിയും എണ്ണവില യുദ്ധം ആരംഭിച്ചത് എരിതീയിൽ എണ്ണ ഒഴിച്ചതുപോലെയുമായി. വെള്ളിയാഴ്ച രാവിലെ തുടക്കംതന്നെ പത്ത് ശതമാനത്തിലേറെ ഇടിവുണ്ടായതിനെ തുടർന്ന് വിപണി നിറുത്തിവയ്ക്കേണ്ട അപൂർവ സംഭവവികാസവും ഉണ്ടായി. 12 വർഷത്തിനിടെ ഇതാദ്യമായാണ് ഇങ്ങിനെ സംഭവിച്ചത്. പിന്നാലെ ഭേദപ്പെട്ട സ്ഥിതിയിലായിരുന്നു ക്ളോസിംഗ്. അന്ന് ഉണ്ടായ പ്രതീക്ഷ ഇന്നലെ അടിമുടി തെറ്റി.
കൊറോണ വൈറസ് വ്യാപനം ഓഹരി വിപണിക്ക് ഒട്ടും ശുഭകരമാകുന്ന ലക്ഷണമല്ല. ഇറ്റലിയിൽ ഇന്നലെ ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തു. ഇതുവരെ 6000 ജീവനുകൾ കൊറോണ അപഹരിച്ചു. യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്.
അമേരിക്ക പലിശ നിരക്കിൽ വലിയ കുറവ് വരുത്തിയിട്ടും 70000 കോടി ഡോളർ ഉത്തേജക പദ്ധതി പ്രഖ്യാപിച്ചിട്ടും ഓഹരി വിപണി തളർന്നു തന്നെ നിൽപ്പാണ്.
രൂപയുടെ മൂല്യവും ഇടിവിൽ തന്നെയാണ്. ഡോളറുമായി ഇന്നലെ 42 പൈസയുടെ ഇടിവ് രൂപയ്ക്കുണ്ടായി. ഡോളറിന് 74.20 ആണ് ഇപ്പോൾ രൂപയുടെ മൂല്യം. കൊറോണ വൈറസ് ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന ഭീതിയിലാണ് നിക്ഷേപകർ. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള റിസർവ് ബാങ്കിന്റെ ശ്രമങ്ങളും വേണ്ട ഫലമുണ്ടാക്കിയിട്ടില്ല.