 ആശുപത്രിയിൽ: 30

 വീടുകളിൽ:741

കൊച്ചി: കൊറോണ വൈറസ് രോഗലക്ഷണങ്ങളുമായി ഇന്നലെ ജില്ലയിൽ പുതിയതായി 67 പേരെക്കൂടി നിരീക്ഷണ പട്ടികയിൽ ചേർത്തു. ഇതിൽ 61 പേർ വീടുകളിലും ആറുപേർ എറണാകുളം മെഡിക്കൽ കോളേജിലുമാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്നലെ ആരേയും ഒഴിവാക്കിയിട്ടില്ല. എറണാകുളം മെഡിക്കൽ കോളേജിൽ നിന്ന് എട്ടു പേരെ ഇന്നലെ വീടുകളിലേക്ക് മടക്കി​ അയച്ചു. നിലവിൽ 30 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 23 പേർ എറണാകുളം മെഡിക്കൽ കോളേജിലും ഏഴു പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണ്. ജില്ലയിൽ ആകെ 741 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇന്നലെ 30 സാമ്പിളുകൾ പരിശോധനയ്ക്കായി ആലപ്പുഴ എൻ.ഐ.വി.യിലേക്ക് അയച്ചു.

 ബോധവത്‌ക്കരണം

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസുകൾ തുടരുന്നു. ഡോക്ടർമാർക്കും മറ്റ് പാരാമെഡിക്കൽ സ്റ്റാഫിനുമുള്ള ക്ലാസുകൾ നടന്നു. എയർപോർട്ടിൽ ഡ്യൂട്ടി ചെയ്യുന്ന ആംബുലൻസ് ഡ്രൈവർമാർക്കും, എയർപോർട്ടിലെ സി.എസ്. എഫ് ഉദ്യോഗസ്ഥർക്കും, ആലുവയിലും കൊച്ചിയിലും പൊലീസ് ഉദ്യോഗസ്ഥർക്കും ,സ്വകാര്യ ഹോട്ടലിലെ ജീവനക്കാർക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും പ്രത്യേകം ക്ലാസുകൾ സംഘടിപ്പിച്ചു. പെരുമ്പാവൂരും ആലുവയിലും ഇതര സംസ്ഥാന തൊഴിലാളികൾക്കും പുതുവൈപ്പ് , കുമ്പളങ്ങി എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കും ക്ലാസുകൾ നടത്തി​.

 ബ്രേക്ക് ദ ചെയിൻ

കൊറോണ പകർച്ച തടയുവാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബ്രേക്ക് ദ ചെയിൻ കാമ്പയിൻ പദ്ധതിക്ക് ജില്ലാ കളക്ടർ സിവിൽ സ്റ്റേഷനിൽ തുടക്കം കുറിച്ചു. സർക്കാർ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഒ.പികളിൽ ക്ളാസുകൾ എടുത്ത്കൊണ്ടായിരുന്നു കാമ്പയിനിന് തുടക്കമിട്ടത്.

 2562 വിമാനയാത്രികരെ പരിശോധിച്ചു

രണ്ടു ദിവസങ്ങളിലായി കൊച്ചി വിമാനത്താവളത്തിൽ 23 ഫ്‌ളൈറ്റുകളിലായി 2562 യാത്രക്കാരെ പരിശോധിച്ചു. കൊച്ചി വിമാനത്തവളത്തിലെ നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് തൃശൂർ ജില്ലയിൽ നിന്നും 10 ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും, രണ്ടു ഡോക്ടർമാരെയും, അഞ്ച് സ്റ്റാഫ് നഴ്‌സു മാരെയും അധികമായി നിയോഗിച്ചു. നിരീക്ഷണത്തിനായി ആശുപത്രികളിലേക്കും തിരിച്ച് വീടുകളിലേക്കും കൂടുതൽ ആംബുലൻസുകളുടെ സേവനവും ലഭ്യമാക്കി. നിലവിലുള്ള 30 ആംബുലൻസുകൾക്ക് പുറമെ 20 ആംബുലൻസുകൾ കൂടി ലഭ്യമാക്കിയിട്ടുണ്ട്.

 കൺട്രോൾ റൂമിലേക്ക് 508 കോളുകൾ

ഇന്നലെ കൊറോണ കൺട്രോൾ റൂമിലേക്ക് എത്തിയത് 508 കോളുകൾ. ഇതിൽ 262 എണ്ണം പൊതുജനങ്ങളിൽ നിന്നും133 എണ്ണം വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ കൂട്ടിരിപ്പുകാരിൽ നിന്നുമാണ് എത്തിയത്. 59 പേർക്ക് ഫോണിലൂടെ കൗൺസലിംഗ് നൽകി. 75 കോളുകൾ ആരോഗ്യസ്ഥാപനങ്ങളിൽ നിന്നും വന്നു. ചെന്നൈയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണർ ഓഫീസിൽ നിന്നും കൺട്രോൾ റൂമിൽ വിളിച്ച് നിരീക്ഷണത്തിലുള്ള ബ്രിട്ടീഷ് പൗരന്മാരുടെ വിവരങ്ങൾ ശേഖരിച്ചു.