കൊച്ചി: അവധി ദിവസങ്ങളിൽ എറണാകുളം - ഫോർട്ടുകൊച്ചി ബോട്ടിൽ സീറ്റ് കിട്ടുന്നത് അപൂർവ സംഭവമാണ്. രാവിലെ മുതൽ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ വിദേശികളുൾപ്പെടെയുള്ള യാത്രക്കാരുടെ നീണ്ട ക്യൂ കാണാം. എന്നാൽ കൊറോണ ഭീതി വ്യാപകമായതോടെ ബോട്ടുകളിലും ആളൊഴിഞ്ഞു. കഴിഞ്ഞ രണ്ടാം ശനിയും ഞായറാഴ്ചയും മറൈൻഡ്രൈവും സുഭാഷ് പാർക്കും മാത്രമല്ല എറണാകുളം ബോട്ട് ജെട്ടിയും ആളൊഴിഞ്ഞ ഉത്സവ പറമ്പായിരുന്നു.
# ട്രിപ്പ് റദ്ദാക്കി വേഗ
വൈക്കത്തു നിന്ന് രാവിലെ എറണാകുളത്തേക്ക് സർവീസ് നടത്തുന്ന വേഗ ബോട്ട് പകൽമുഴുവൻ കമാലക്കടവിലേക്ക് സർവീസ് നടത്തും. വൈകിട്ട് വൈക്കത്തേക്ക് മടങ്ങും. 120 പേർക്ക് ഇതിൽ യാത്ര ചെയ്യാം. പകൽ മുഴുവൻ നിറയെ യാത്രക്കാരുമായി സർവീസ് നടത്തിയിരുന്ന വേഗയിൽ കഴിഞ്ഞ ദിവസം ഒരു ട്രിപ്പിൽ മൂന്ന് യാത്രക്കാരാണുണ്ടായിരുന്നത്. യാത്രക്കാരെ ഇറക്കിവിടാൻ നിവൃത്തിയില്ലാത്തതിനാൽ അധികൃതർ മനസില്ലാമനസോടെ സർവീസ് നടത്തുകയായിരുന്നു. പകൽ 12 ഓളം ട്രിപ്പുകൾ നടത്തിയിരുന്ന വേഗ ഇപ്പോൾ സർവീസ് നാല് എണ്ണത്തിൽ അവസാനിപ്പിക്കുകയാണ്. 550 രൂപയായിരുന്നു ഞായറാഴ്ചത്തെ വേഗയുടെ കളക്ഷൻ.
# കളക്ഷനിൽ വൻ ഇടിവ്
എറണാകുളം ഫോർട്ടുകൊച്ചി ബോട്ടുകൾക്ക് ഞായറാഴ്ചകളിൽ സാധാരണ ഒരു ലക്ഷം രൂപ വരെ കളക്ഷൻ ലഭിക്കും. ഇടദിവസങ്ങളിൽ ഇത് 65000 രൂപ വരെയെത്തും. എന്നാൽ കഴിഞ്ഞ ഞായറാഴ്ച 24000 രൂപയാണ് ലഭിച്ചത്.ഇടദിവസങ്ങളൽ കളക്ഷൻ 20000 ലേക്ക് താഴ്ന്നു. ഇപ്പോൾ രാവിലെയും വൈകിട്ടും വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് ബോട്ടിൽ യാത്ര ചെയ്യുന്നത്. പകൽ നേരത്ത് പത്തിൽ താഴെ യാത്രക്കാർ മാത്രം.
#മാസ്കില്ല, ബോട്ടിൽ ശുചീകരണവുമില്ല
ആവശ്യത്തിന് മാസ്ക് ലഭിക്കുന്നില്ലെന്ന് ബോട്ട് ജീവനക്കാർക്ക് പരാതിയുണ്ട്. ഡി.എം.ഒ യെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ബോട്ടുകളിൽ ഇതുവരെ അണുനശീകരണവും തുടങ്ങിയിട്ടില്ല കഴിഞ്ഞ ദിവസം ഫോർട്ടുകൊച്ചി ജെട്ടിയിൽ കൗൺസിലർമാർ സാനിറ്റെസറും സോപ്പും വച്ചത് ജീവനക്കാർക്ക് അനുഗ്രഹമായി.എന്നാൽ എറണാകുളം ജെട്ടിയിൽ ഇത്തരം സൗകര്യങ്ങളൊന്നുമില്ല. പണവും ടിക്കറ്റും കൈകാര്യം ചെയ്യുന്ന കൗണ്ടറിലെ ജീവനക്കാർ ആകെ ഭീതിയിലാണ്. എറണാകുളം ജെട്ടിയിൽ അഞ്ച് ടിക്കറ്റ് കൗണ്ടറുകളാണുള്ളത് . ഗേയ്റ്റിലും ഓരോ ബോട്ടിലും അഞ്ചു ജീവനക്കാർ വീതമുണ്ട്. രാവിലെ 4-40 മുതൽ രാത്രി 10 -15 വരെയാണ് സർവീസ്