മൂവാറ്റുപുഴ:പായിപ്രയിൽ മാലിന്യം നിക്ഷേപിക്കാനെത്തിയതിനെ തുടർന്ന് നാട്ടുകാർ പിടികൂടി പൊലിസിനു കൈമാറിയ വാഹനത്തിനെതിരെ നടപടി സ്വീകരിക്കാതെ വിട്ടുനൽകിയതിൽ പ്രതിഷേധം ശക്തം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.ഐരാപുരത്തു നിന്നും ടിപ്പറിൽ എത്തിച്ച മാലിന്യം ജനവാസ സ്ഥലത്ത് നിക്ഷേപിക്കാൻ നടന്ന ശ്രമമാണ് നാട്ടുകാർ തടഞ്ഞത്.ഐരാപുരത്തു നിന്നും എത്തിച്ച പ്ലാസ്റ്റിക് ചാക്കുകളടങ്ങിയ മാലിന്യമാണ് സാമൂഹ്യ വിരുദ്ധർ മാനാറി കിഴക്കനേട് ഹരിജൻ കോളനിയിലേയ്ക്ക് പോകുന്ന വഴിയിലെ സ്വകാര്യ സ്ഥലത്ത് നിക്ഷേപിക്കുന്നതിനു ശ്രമിച്ചത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റടിയിലെടുത്തതിനു പിന്നാലെ ഒരു സംഘം ആളുകൾ സ്ഥലത്തെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായും നാട്ടുകാർ ആരോപിച്ചിരുന്നു.ഇതിനെ തുടർന്ന് പഞ്ചായത്ത് മെമ്പർ പി.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിൽ പരാതി നൽകിയതിനെ തുടർന്ന് വീണ്ടും പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് പൊലീസ് കസ്റ്റടിയിലെടുത്ത വാഹനം യാതൊരു വിധ നടപടിയും സ്വീകരിക്കാതെ വിട്ടയിച്ചെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പല കേസുകളിലും പൊലീസ് ഇത്തരത്തിൽ നിസംഗത കാണിക്കുന്നതായി ആക്ഷേപം ശക്തമായിട്ടുണ്ട്.