കൊച്ചി: കൊറോണ രോഗബാധിതനായ ബ്രിട്ടീഷ് പൗരനുമായി എറണാകുളം ജില്ലയിൽ സമ്പർക്കത്തിലേർപ്പെട്ട 126 പേർ വീടുകളിൽ നിരീക്ഷണത്തിൽ. ഇവർക്ക് ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പുറത്തുപോകുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തും. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നേറുകയാണ്. എയർപോർട്ട്, സീപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ജില്ലാ ഭരണകൂടം, പൊലീസ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ നിരീക്ഷണം ഉറപ്പാക്കുന്നുണ്ട്.