കൊച്ചി: ക്രൂഡോയിലിന്റെ വില വലിയ തോതിൽ കുറഞ്ഞിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില വലിയ തോതിൽ വർധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ സമീപനം ക്രൂരതയാണെന്നു കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടൻ പറഞ്ഞു. പെട്രോളും ഡീസലും വില കുറച്ചു കിട്ടേണ്ട സന്ദർഭത്തിൽ ജനങ്ങൾക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യം കേന്ദ്ര സർക്കാർ കവർന്നെടുക്കുകയാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന് വില വർധിക്കുമ്പോൾ പെട്രോളിനും ഡീസലിനും വില കൂട്ടുന്ന സർക്കാർ ഇപ്പോൾ വില കുറക്കാത്തതു ഭരണാധികാരികളുടെ ഏകാധിപത്യ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്.കൊറോണ വൈറസിന്റെ ഭീതിയിലും സാമ്പത്തിക തകർച്ചയിലും അകപ്പെട്ടിരിക്കുന്ന സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ദാര്യദ്രത്തിൽനിന്നു ദാര്യദ്രത്തിലേക്കു കൂപ്പു കുത്തുന്ന രാജ്യത്തെ ജനങ്ങളുടെ പോക്കറ്റടിക്കുകയും അവന്റെ പിച്ചച്ചട്ടിയിൽനിന്നും കയ്യിട്ടുവാരുകയും ചെയ്യുന്ന തരം താണ നടപടിയാണിത്.നികുതി വർദ്ധനവ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു.