പ്രതിഷേധം നഗരസഭ കൗൺസിലിൽ
കൊച്ചി: റോഡിനും വെള്ളക്കെട്ട് പരിഹരിക്കുന്നതിനും ഗതാഗതത്തിനുമുള്ള ഫണ്ട് നീക്കിവെയ്ക്കാത്തതിൽ പ്രതിഷേധിച്ച് വികസന രേഖ കീറി എറിഞ്ഞ് കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം. അതേസമയം പദ്ധതി രേഖയിലെ അപാകത പരിഹരിക്കാൻ ഉപസമിതി രൂപീകരിക്കുമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു.
കോർപ്പറേഷന്റെ ഭരണ പരാജയമായി ഹൈക്കോടതി പോലും ചൂണ്ടിക്കാട്ടിയ റോഡുകളുടെ ശോച്യാവസ്ഥയും വെള്ളക്കെട്ടും പരിഹരിക്കാൻ വരുന്ന സാമ്പത്തിക വർഷത്തിൽ ഫണ്ട് കണ്ടെത്താത്തതിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗൺസിലർമാർ പ്രതിഷേധിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ ഗ്രേസി ജോസഫ് അവതരിപ്പിച്ച വികസരേഖയിൽ നടന്ന ചർച്ചയിലാണ് കൗൺസിലർമാർ പ്രതിഷേധം രേഖപ്പെടുത്തിയത്. സ്പിൽ ഓവർ വർക്കുകൾക്ക് സമയം നീട്ടി നൽകില്ലെന്ന് സർക്കാർ അറിയിച്ചിരുന്നതാണ്. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് കൃത്യമായ മാനദണ്ഡം നിർദ്ദേശിച്ചിരുന്നു. എന്നാൽ അത് അവഗണിച്ച് പദ്ധതികൾ ഇഴഞ്ഞു നീങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് പ്രതിപക്ഷ നേതാവ് കെ .ജെ .ആന്റണിയും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് വി .പി. ചന്ദ്രനും പറഞ്ഞു.
# പ്രതിസന്ധി തുടരും
171.49കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും 2020–21 വർഷത്തെ പദ്ധതികൾക്കായി 61.54 കോടി രൂപ മാത്രമാണ് ചെലവഴിക്കാനാകുന്നതെന്ന് വി പി ചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാളും 10 കോടി രൂപ അധികമായാണ് സർക്കാർ അനുവദിച്ചത്. എന്നാൽ 109.95 കോടി രൂപ സ്പിൽ ഓവർ പദ്ധതികൾക്കായി ചെലവഴിക്കേണ്ടി വരുന്നതിനാൽ വരുന്ന സാമ്പത്തിക വർഷത്തിലെ പദ്ധതികൾ പ്രതിസന്ധിയിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഗതാഗതത്തിന് തുക നീക്കിവെച്ചില്ലെന്ന് മാത്രമല്ല സ്പിൽ ഓവർ പദ്ധതികൾ നടപ്പിൽ വരുത്താൻ 32 ലക്ഷത്തോളം രൂപ അധികമായി കണ്ടെത്തേണ്ടി വരുമെന്ന് കൗൺസിലർമാർ പറഞ്ഞു.
ലൈഫ് പദ്ധതി പ്രകാരം ഭൂരഹിത ഭവന രഹിതർക്ക് ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ ഒരിഞ്ചു ഭൂമിപോലും കണ്ടെത്താനായില്ല. ദാരിദ്ര്യ ലഘൂകരണ പദ്ധതികൾക്ക് ഫണ്ട് നീക്കിവച്ചില്ലെന്നും കൗൺസിലർ സി കെ പീറ്റർ പറഞ്ഞു.
# ഉപസമിതി രൂപീകരിക്കും
പദ്ധതി രേഖലയിൽ വന്നിരിക്കുന്ന പാകപ്പിഴകൾ ഒഴിവാക്കാൻ ഉപസമിതിയെ ചുമതലപ്പെടുത്തുമെന്ന് മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയറും പ്രതിപക്ഷ നേതാവും അടങ്ങുന്നതാവും ഉപസമിതി. ബാക്കിയുള്ള പദ്ധതികളിൽ നിന്ന് പണം കണ്ടെത്തി ഗതാഗതത്തിനും റോഡുകൾ നന്നാക്കുന്നതിനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും വെള്ളക്കെട്ട് പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു. അതേസമയം മേയറുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വികസന രേഖ കീറി എറിഞ്ഞ് പ്രതിഷേധിച്ചു.