കളമശേരി: സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന 'ബ്രേക്ക് ചെയിൻ' കൊറോണ പ്രതിരോധ പരിപാടിക്ക് കൊച്ചി സർവകലാശാലയിൽ തുടക്കമായി. കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വകുപ്പിലെ പരീക്ഷണശാലയിൽ തയ്യാറാക്കിയ സാനിറ്റൈസർ മുഖ്യ പ്രവേശന കവാടത്തിലും ഭരണകാര്യാലയത്തിലും വിവിധ പoന വകുപ്പുകളിലും ലഭ്യമാക്കിയിട്ടുണ്ട്. സർവകലാശാലയുടെ യുവജനക്ഷേമ വകുപ്പിൽ സ്ഥാപിച്ചിട്ടുള്ള ശുചീകരണ സംവിധാനം ഉദ്ഘാടനം ചെയ്തു കൊണ്ട് വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ കുസാറ്റിലെ ബ്രേക്ക് ചെയിൻ പരിപാടിക്ക് തുടക്കം കുറിച്ചു. ബോർഡ് പരീക്ഷകൾ നടക്കുന്ന സമീപത്തെ സ്കൂളുകളിൽ സാനിറ്റൈസർ ലഭ്യമാക്കുമെന്ന് വൈസ് ചാൻസലർ പറഞ്ഞു. യുവജനക്ഷേമ വകുപ്പ് ഡയറക്ടർ ഡോ.പി. കെ. ബേബി, പബ്ളിക് റിലേഷൻസ് ഡയറക്ടർ എം.ജയശങ്കർ, സർവകലാശാലാ യൂണിയൻ ട്രഷറർ ഡോ.ഗിരീഷ് കുമാർ, ചീഫ് വാർഡൻ ഡോ. അജിത് മോഹൻ തുടങ്ങിയവർ സംബന്ധിച്ചു. ലോകാരോഗ്യ സംഘടനയുടെ പ്രാട്ടോക്കോൾ പ്രകാരം തയ്യാറാക്കുന്ന സാനിറ്റൈസർ 100 മില്ലി ലിറ്റർ കുപ്പിക്ക് ഏകദേശം 75 രൂപയോളം ചെലവുവരുമെന്ന് അപ്ലൈഡ് കെമിസ്ട്രി വകുപ്പു മേധാവി ഡോ. കെ. ഗിരീഷ് കുമാർ പറഞ്ഞു.