കൊച്ചി: ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭ നടപ്പാക്കുന്ന ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള ഉപകരണ വിതരണം നാളെ ആരംഭിക്കും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി ഓരോ ഗുണഭോക്താവിനെയും ടെലഫോൺ മുഖാന്തിരം മുൻകൂട്ടി അറിയിച്ച് നിശ്ചിത സമയക്രമമനുസരിച്ചാവും ഉപകരണ വിതരണം. 457 ഗുണഭോക്താക്കൾക്കായി 92 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങളാണ് ഇത്തവണ നൽകുന്നത്. ഇക്കൂട്ടത്തിൽ കാലുകളുടെ ചലനശേഷി നഷ്‌ടപ്പട്ട 18 ഗുണഭോക്താക്കൾക്ക് സാധാരണ ജീവിതം നയിക്കാൻ സഹായമായ ആധുനിക ഇലക്‌ട്രോണിക് വീൽചെയറുകളും ഉണ്ട്.
ഗുണഭോക്താക്കളുടെ സൗകര്യാർത്ഥം 18.19 തീയതികളിൽ പള്ളുരുത്തി കച്ചേരിപ്പടി കമ്മ്യൂണിറ്റി ഹാൾ, 20 ന് മട്ടാഞ്ചേരി ടൗൺഹാൾ, 21 ന് എറണാകുളം ടൗൺഹാൾ എന്നിവിടങ്ങളിൽ വച്ചാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. മേയർ സൗമിനി ജെയിൻ, ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ,സ്ഥിരംസമിതി ചെയർമാൻമാരായ പി.ഡി.മാർട്ടിൻ, പൂർണ്ണിമ നാരായൺ, ഗ്രേസി ജോസഫ്,പ്രതിഭ അൻസാരി,സുനില ശെൽവൻ, നഗരസഭ സെക്രട്ടറി ആർ.എസ്.അനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.