തൃക്കാക്കര : സി.പി.എം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പും അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറുടെ ആത്മഹത്യയും അന്വേഷിക്കാൻ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് രണ്ടംഗ കമ്മിഷനെ നിയോഗിച്ചു.

കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ അടക്കമുള്ളവർക്കെതിരായ പരാതിയും കമ്മിഷൻ അന്വേഷിക്കും.

2018 ലെ പ്രളയദുരിതാശ്വാസം കളക്ടറേറ്റ് ജീവനക്കാരനും പാർട്ടി പ്രാദേശിക നേതാക്കൾ ചേർന്ന് അയ്യനാട് സഹകരണ

ബാങ്കിലൂടെയും മറ്റും തട്ടിയെടുത്ത സംഭവം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. പിന്നാലെ ബാങ്ക്

ഡയറക്ടർ ബോർഡ് അംഗവും പാർട്ടി നേതാവുമായ സിയാദ് ആത്മഹത്യ ചെയ്തത്. പാർട്ടി നേതാക്കളെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്ന ആത്മഹത്യാകുറിപ്പും പാർട്ടിയെ കുഴപ്പത്തിലാക്കി.

സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എം ഇസ്മായിൽ, പി ആർ മുരളി എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. വിവാദ വിഷയത്തിൽ അന്വേഷണം വേണമെന്ന് മുതിർന്ന നേതാവ് എംഎം ലോറൻസ് ഉൾപ്പെടെയുള്ളവർ ആവശ്യപെട്ടിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ഭൂരിപക്ഷ അംഗങ്ങളും അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചു നിന്നു.

ആരോപണ വിധേയരെ മാറ്റി നിർത്തണമെന്ന ആവശ്യവും ഉയർന്നെങ്കിലും അതു സെക്രട്ടേറിയറ്റ് അനുവദിച്ചില്ല.

തീരുമാനങ്ങൾ ഇന്നലെ ചേർന്ന കളമശേരി ഏരിയ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട്‌ ചെയ്തു. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച തെളിവെടുപ്പ് പാർട്ടി നടത്തും.

ഇത് സംബന്ധിച്ച സക്കീറിന്റെ പരാതിയും അന്വേഷിക്കും. രണ്ടു മാസത്തിനകം റിപ്പോർട്ട്‌ നൽകാനാണ് നിർദ്ദേശം.