തൃക്കാക്കര : പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസ് വളരെ ഗൗരവമുളള കുറ്റമാണെന്ന് ഒന്ന്, ആറ്, ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ബി.കലാം പാഷ പറഞ്ഞു. ദുരിതമനുഭവിച്ചവർക്ക് കൊടുക്കാനുള്ള തുകയാണ് വെട്ടിച്ചത്.അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ തുടരന്വേഷണത്തെ ബാധിക്കുമെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. കൂടുതൽ വെട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.കേസിലെ മൂന്നാം പ്രതി സി.പി.എം പ്രാദേശിക നേതാവ് അൻവർ,നാലാം പ്രതി അൻവറിന്റെ ഭാര്യയും അയ്യനാട് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന കൗലത്ത്,അഞ്ചാം പ്രതി മഹേഷിന്റെ ഭാര്യ നീതു എന്നിവർ ഒളിവിലാണെന്ന് അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു.
കേസിലെ പ്രധാന പ്രതി വിഷ്ണു പ്രസാദ്, ആറാംപ്രതി സി.പി.എം പ്രാദേശിക നേതാവ് നിധിൻ,ഏഴാം പ്രതി നിധിന്റെ ഭാര്യ ഷിന്റു എന്നിവരെ ഈ മാസം 31 വരെ റിമാൻഡ് ചെയ്യാൻ വിജിലൻസ് ജഡ്ജി ഉത്തരവിട്ടു.കേസിലെ രണ്ടാംപ്രതി മഹേഷ് ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല.കൊറോണ ജാഗ്രത കണക്കിലെടുത്ത് പ്രതികളെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല