malinyam
വാലേത്തുപടി വഴിയരികിലെ മാലിന്യ നിക്ഷേപം

കോലഞ്ചേരി: ആറ് കാമറകൾ വച്ചു. എന്നിട്ടും, വാലേത്തുപടിയിൽമാലിന്യകൂമ്പാരം.കാമറ കണ്ണുകൾ വെട്ടിച്ച് ആളുകൾ മാലിന്യം നിക്ഷേപിച്ച് മുങ്ങുന്നു. ഈ മേഖലയിൽ സമീപ പ്രദേശങ്ങളിൽ നിന്ന് പച്ചക്കറി വേസ്റ്റുകൾ ,അറവുശാല മാലിന്യങ്ങൾ, വിവിധ സത്ക്കാര സ്ഥലങ്ങളിലെ മാലിന്യങ്ങൾ എന്നി​വ വഴി വക്കിൽ വലിച്ചെറിയുന്നത് പതിവായിരുന്നു. ദുർഗന്ധം രൂക്ഷമായതോടെയാണ് മാസങ്ങൾക്കു മുമ്പ് പട്ടിമ​റ്റം അഗാപ്പെ കമ്പനിയുടെ സഹകരണത്തോടെ കുന്നത്തുനാട് പഞ്ചായത്ത് വാലേത്തുപടി മുതൽ തെക്കേക്കവല വരെ കാമറകൾ സ്ഥാപിച്ചത്.കാമറയിലെ ദൃശ്യങ്ങൾ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ തത്സമയം കാണും വിധം സംവിധാനം ഒരുക്കുകയും ചെയ്തു. എന്നാൽ, മാലിന്യം നിക്ഷേപം നിർബാധം തുടരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇടയ്ക്ക് കാമറകൾ കേടുവന്നതോടെ ദൃശ്യങ്ങൾ കൃത്യമായി കിട്ടിയിരുന്നില്ല. ഇതിനിടയിൽ വീണ്ടും മാലിന്യ നിക്ഷപം തുടർന്നു. നിലവിൽ ആറു കാമറകളിൽ രണ്ടെണ്ണം പ്രവവർത്തിക്കുന്നുണ്ട് . ഇതിൽ നിന്നും ഈ വഴി മാലിന്യവുമായി പോയ ആളുകളെ കണ്ടെത്താൻ കഴിയും. എന്നാൽനടപടിയില്ല. അതേസമയം,കോലഞ്ചേരി മുതൽ പട്ടിമറ്റം വരെ കാമറകൾ സ്ഥാപിക്കാത്ത വഴികളിലുടനീളം മാലിന്യ നിക്ഷേപം വ്യാപകമാണ്.

മൂന്ന് ലക്ഷം രൂപ മുടക്കിയാണ് കാമറകൾ സ്ഥാപിച്ചത്. എന്നിട്ടും മാലിന്യം നിക്ഷേപം തുടരുകയാണ്. ഈ വിവരം കുന്നത്തുനാട് പൊലീസിനെഅറിയിച്ചിട്ടുണ്ട്.

കെ.എം സലിം ,വാർഡ് മെമ്പർ, കുന്നത്തുനാട് പഞ്ചായത്ത്

സി.സി.ടി.വി കാമറകൾ പരിശോധിച്ച് വരികയാണ്. മാലിന്യം നിക്ഷേപിച്ച് കടന്ന് കളയുന്നവരെ ഇതിൽ നിന്ന് കണ്ടെത്താനാകും. ഇവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും.

വി.ടി ഷാജൻ,സി.ഐ കുന്നത്തുനാട്

കാമറകൾ വർക്ക് ചെയ്യാത്ത വിവരം യഥാസമയം അറിയിച്ചില്ല. കാമറകൾ ഉടനടി റിപ്പയർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

അഗാപ്പെ കമ്പനി അധികൃതർ

.റോഡു വഴി കാൽ നട യാത്ര പോലും പറ്റാതെ ദുർഗന്ധം രൂക്ഷം