കൊച്ചി : സർക്കാർ കൈത്താങ്ങ് നൽകിയില്ലെങ്കിൽ തകർന്നു തരിപ്പണമാകുന്ന സ്ഥിതിയിലാണ് ചെറുകിട ഇടത്തരം വ്യാപാര മേഖല. വായ്പകളും നികുതികളും അടയ്ക്കാൻ പോലും കച്ചവടം ലഭിക്കുന്നില്ല. അടിയന്തര ആശ്വാസ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മറ്റി മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകി.

# വ്യാപാരികളുടെ ആവശ്യങ്ങൾ

വായ്പകൾക്ക് ഒരു വർഷത്തേയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക.

സർക്കാർ, അർദ്ധ സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ പ്രസ്ഥാനങ്ങൾ തുടങ്ങിയവയുടെ കെട്ടിടവാടകയിൽ മൂന്ന് മാസത്തെ ഇളവ് അനുവദിക്കുക, വാടക ഇളവിനായി സ്വകാര്യ കെട്ടിട ഉടമകൾക്ക് നിർദ്ദേശം നൽകുക.

ഡി ആൻഡ് ഒ ലൈസൻസ്, പ്രൊഫഷണൽ ടാക്‌സുകൾ എന്നിവ അടയ്ക്കുന്നതിന് പിഴ ഒഴിവാക്കി രണ്ട് മാസം അനുവദിക്കുക.

സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം ഒരു മാസത്തേയ്ക്ക് സർക്കാർ നൽകുക.

വ്യാപാരി ക്ഷേമ പെൻഷനുകൾ അർഹരായവർക്ക് ഉടൻ അനുവദിക്കുക.

വ്യാപാരി ക്ഷേമപദ്ധതിയിൽ നിന്ന് പലിശയില്ലാതെ വായ്പകൾ അനുവദിക്കുക.

ജി.എസ്.ടി റിട്ടേണുകൾ സമർപ്പിക്കുന്നതിനും ലേറ്റ് ഫീ, പിഴ പലിശകൾ ഒഴിവാക്കുന്നതിന് കൗൺസിലിന് സർക്കാർ നിർദ്ദേശം നൽകുക.

സർക്കാരിന് വ്യാപാരികൾ അടക്കാനുള്ള പിഴ പലിശകളും നിയമ നടപടികളും മൂന്ന് മാസത്തേയ്ക്ക് ഒഴിവാക്കുക.

പ്രളയ ബാധിതർക്ക് പ്രഖ്യാപിച്ച ഉജ്ജീവന പദ്ധതിയിൽ നിന്ന് അടിയന്തിരമായി തുക അനുവദിക്കുക.

ഇനിയും ലഭിക്കാത്തവർക്ക് ചേരാൻ അവസരം നൽകുക.

# കൊറോണ നേരിടാൻ പിന്തുണ

കൊറോണവൈറസ് ബാധയെ നേരിടുന്നതിന് സർക്കാർ സ്വീകരിച്ച എല്ലാ നടപടികൾക്കും ജില്ലാ കമ്മറ്റി പിന്തുണ നൽകും. കൊറോണ ബാധിതരാണോ കടകളിൽ വരുന്നതെന്ന് യാതൊരു ധാരണയുമില്ല. പൊതുജനങ്ങളിൽ പരിഭ്രാന്തി പടരാതിരിക്കാൻ എല്ലാ ദിവസവും കടകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നുണ്ട്.

# തീരാതെ ദുരിതം

വാടക, തൊഴിലാളികളുടെ ശമ്പളം, വിവിധ നികുതികൾ, വായ്പകൾ തുടങ്ങിയവ അടയ്ക്കാൻ കഴിയാതെ ആത്മഹത്യാമുനമ്പിലാണ് വ്യാപാരികൾ. നിപ്പ, നോട്ടു നിരോധനം, ജി.എസ്.ടി, പ്രളയം തുടങ്ങിയവ മൂലം തകർന്നടിഞ്ഞ ചെറുകിട വ്യാപാരമേഖലയ്ക്ക് താങ്ങാൻ കഴിയാത്ത ആഘാതമാണ് കൊറോണ ഏല്പിക്കുന്നത്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്, ജനറൽ സെക്രട്ടറി എ.ജെ.റിയാസ്, ട്രഷറർ സി.എസ്.അജ്മൽ, ടി.ബി. നാസർ, എം.സി. പോൾസൺ, കെ.എസ്. മാത്യു, കെ.ബി. മോഹനൻ, പി.എ കബീർ, ബാബു കുരുത്തോല തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.