കൊച്ചി :സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ അദ്ധ്യാപക നിയമനങ്ങൾക്ക് അനൗദ്യോഗിക നിയന്ത്രണമെന്ന് പരാതി. എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങൾ സമന്വയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ചെയ്തുവരുന്നത്. സ്‌കൂളുകളിൽ മാനേജർ ലോഗിൻ ഉപയോഗിച്ചു എയ്ഡഡ് നിയമന പ്രൊപ്പോസൽ സമർപ്പിക്കുകയും അത് വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിൽ പരിശോധിച്ചു വിദ്യാഭ്യാസ ഓഫീസർ അംഗീകാരം നൽകുകയുമായിരുന്നു പതിവ് .

എയ്ഡഡ് മേഖലയിലെ നിയമനങ്ങളിൽ ധനകാര്യ വകുപ്പ് ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ പുതിയ നിയമനങ്ങൾ അംഗീകാരം നൽകുന്നത് വിദ്യാഭ്യാസ വകുപ്പിൽ നിന്നു സർക്കാർ ഏറ്റെടുത്തിരുന്നു.എന്നാൽ നിലവിൽ വകുപ്പുകളിലുള്ള പഴയ നിയമന പ്രൊപ്പോസലുകളും സമന്വയ ഓഡിറ്റ് എന്ന പേരിൽ തടഞ്ഞിരിക്കുകയാണ്. സർക്കാർ ഇടപെടലോടെ വിദ്യാഭ്യാസ ഓഫീസർമാർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഒട്ടനവധി സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന് ആനുപാതികമായി അധ്യാപക തസ്തികകൾ സൃഷ്ടിക്കപ്പെട്ടിട്ടുമില്ല.

കോടതി വിധികളിലൂടെയും ഗവണ്മെന്റ് ഉത്തരവുകളിലൂടെയും നിയമന അംഗീകാരത്തിന് കാത്തിരിക്കുന്നവർക്കാണ് ഈ ദുരവസ്ഥ. വിഷയം പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഗവണ്മെന്റ് സെക്രട്ടറിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്കുമാർ, അനൂബ് ജോൺ എന്നിവർ പറഞ്ഞു.