പറവൂർ : കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ പറവൂരിൽ ശക്തമാക്കുന്നു. നഗരസഭ അടിയന്തര സ്റ്റാൻഡിംഗ് കമ്മിറ്റിയോഗത്തിലാണ് തീരുമാനം. താലൂക്ക് ആശുപത്രിയിൽ ഐസലേഷൻ വാർഡ് സജ്ജീകരിക്കും. പേവാർഡാണ് ഇതിനായി തയ്യാറാക്കുന്നത്. അടിയന്തര സാഹചര്യമുണ്ടാൽ ഇവിടെ പാർപ്പിക്കും . പിന്നീട് ഇവരെ കൂടുതൽ സജ്ജീകരണങ്ങളുള്ള ഐസലേഷൻ വാർഡുകളിലേയ്ക്ക് മാറ്റും.

നഗരപ്രദേശത്ത് ഏഴുപത്തിനാലു പേർ നിരീക്ഷണത്തിലുണ്ട്. സമീപ പ്രദേശങ്ങളിലടക്കം ഇരുന്നൂറിലധികം പേരുണ്ട്. ഇവരിൽ കൂടുതൽ പേരും വിദേശത്തു നിന്നും വന്നവരാണ്. രാവിലെയും വൈകിട്ടും ആരോഗ്യപ്രവർത്തകർ ഇവരുമായി ബന്ധപ്പെടുകയും രോഗലക്ഷണങ്ങൾ ഉണ്ടോയെന്നന് പരിശോധിക്കുന്നുമുണ്ട്. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഐസലേഷൻ വാർഡിലേക്ക് ഉടൻ മാറ്റും.

നഗരത്തിലെ എല്ലാ ഹോട്ടലുകളിൽ ശുചിത്വ പരിശോധകൾ കർശനമാക്കും. ഹോംസ്റ്റേ, ഹോട്ടൽ, ലോഡ്ജ് എന്നിവടങ്ങളിൽ താമസിക്കുന്ന വിദേശികളുടെയും അന്യസംസ്ഥാനക്കാരുടെ വിവരശേഖരണം നടത്തും. വിദേശത്തുനിന്ന് നാട്ടിലെത്തുന്നവരുടെ വിവരങ്ങൾ കൗൺസിലർമാരും ആശാ വർക്കർമാരും ശേഖരിച്ച് ആരോഗ്യ വകുപ്പിന് കൈമാറും. ഹോട്ടലുകളിലെ വാഷ് ഏരിയയിൽ ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുവാൻ ഹോട്ടൽ അധികൃതർക്ക് നിർദ്ദേശം നൽകും. റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെ കൊറോണ വൈറസിനെതിരെയുള്ള ബോധവത്കരണ കാമ്പയിൻ നടത്തുമെന്ന് ചെയർമാൻ ഡി. രാജ്കുമാർ അറിയിച്ചു.