കൊച്ചി : കൊറോണ വെെറസ് ഭീതിയിൽ വരുമാനം പകുതിയായി ഇടിഞ്ഞെങ്കിലും യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുകയാണ് കെ.എസ്.ആർ.ടി.സി.

# യാത്രക്കാരെ നിരീക്ഷിക്കും

സംസ്ഥാനത്തെ പ്രധാന ഡിപ്പോയായ എറണാകുളത്തെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ സംവിധാനം ഇന്നു മുതൽ നിലവിൽ വരും. വിദേശികളടക്കമുള്ളവരെ ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക സംഘം പൊലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നിരീക്ഷിക്കും.

സംശയം തോന്നുന്നവരെ പൊലീസ് സഹായത്തോടെ പരിശോധനകൾക്ക് വിധേയമാക്കും. സ്റ്റാൻഡി​ലെത്തുന്ന മുഴുവൻ യാത്രക്കാർക്കും കെെകൾ ശുദ്ധീകരിക്കാൻ സാനിറ്റെെസറും നൽകുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനവും കെ.എസ്. ആർ.ടി.സി ഒരുക്കി. അന്യസംസ്ഥാന വാഹനങ്ങളിലെ യാത്രക്കാരും കർശന നിരീക്ഷണത്തിൽ തന്നെ.

ജീവനക്കാർക്ക് മാസ് കുകളും സാനിറ്റൈസറും നൽകുന്നതിലും കോർപ്പറേഷൻ പിശുക്ക് കാണിക്കുന്നില്ല.

# വരുമാനം നേർപകുതി

കടത്തിലും നഷ്ടത്തിലും ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ വരുമാനം പകുതിയായി കുറഞ്ഞു. എറണാകുളം സോണൽ ഓഫീസിന്റെ കീഴിലുള്ള 36 ഡിപ്പോകളിലെ സ്ഥിതിയും ഇതുതന്നെ. ദിവസേന 12 - 13 ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്നത് 6 ലക്ഷമായി ഇടിഞ്ഞു.

# ജീവനക്കാർ റെഡി , പക്ഷേ..

ഷെഡ്യൂളുകൾ പൂർണമായി നടത്താൻ ജീവനക്കാർ എത്തുന്നുണ്ട്. പക്ഷേ സർവീസുകൾ നടത്തിയിട്ട് കാര്യമില്ലാത്ത അവസ്ഥയാണെന്ന് അധികൃതർ പറയുന്നു.

88 സർവീസുകളാണ് എറണാകുളം ഡിപ്പോയിൽ നടത്തിയിരുന്നത്. യാത്രക്കാർ കുറഞ്ഞതോടെ സർവീസുകൾ 60 ആയി കുറച്ചു. മിക്ക ബസുകളുടേയും ശരാശരി വരുമാനം ആറായിരം രൂപ മാത്രം. യാത്രക്കാരില്ലാത്തതു കാരണം ദീർഘദൂര ബംഗളൂരു സർവീസുകളും നിറുത്തിവച്ചു. ഓൺലെെനായി ബുക്ക് ചെയ്യുന്നവർ രണ്ടോ മൂന്നോ മാത്രം. ഇവർക്ക് മറ്റ് ബസുകളിൽ യാത്ര ചെയ്യുവാൻ സൗകര്യം ഒരുക്കുകയാണ് ചെയ്യുന്നത്.

78 ഷെഡ്യൂകളുണ്ടായിരുന്ന മൂവാറ്റുപുഴ ഡിപ്പോയിൽ 55 സർവീസുകൾ മാത്രം. ശരാശരി എട്ടര ലക്ഷം വരുമാനം ഉണ്ടായിരുന്നത് അഞ്ചര ലക്ഷത്തിലെത്തി. ജില്ലയിലെ അങ്കമാലി, ആലുവ, കോതമംഗലം, പിറവം ഡിപ്പോകളിലും സ്ഥിതി സമാനം .എ.സിയിൽ കൊറോണ ബാധിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന ഭീതികാരണം യാത്രക്കാർ കുറഞ്ഞതോടെ ലോ ഫ്ളോർ ബസുകളും നഷ്ടത്തിലായി.

# ഞെരുക്കും

കൊറോണ വിപത്ത് വരും ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സിയെ കൂടുതൽ ഞെരുക്കും. ജനങ്ങൾ കഴിയുന്നത്ര യാത്ര ഒഴിവാക്കുകയാണ്. ഈ മഹാമാരിയുടെ ഭവിഷ്യത്ത് കെ.എസ്. ആർ.ടി.സിയെ എത്ര മാത്രം ഞെരുക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം.

താജുദ്ദീൻ സാഹിബ് വി.എം

ഡി.ടി.ഒ എറണാകുളം

മുഴുവൻ യാത്രക്കാർക്കും കെെകൾ ശുദ്ധീകരിക്കാൻ സാനിറ്റെെസർ

വരുമാന നഷ്ടം 50 ശതമാനം.