corona-isolation-ward-men

കൊച്ചി: രാവിലെ ഏഴ‌രയ്‌ക്ക് ദോശയും സാമ്പാറും മുട്ട പുഴങ്ങിയതും. പത്തരയ്‌ക്ക് ജ്യൂസ്. ഉച്ചയ്ക്ക് ചപ്പാത്തിയും ചോറും. തോരനും മീൻ പൊരിച്ചതും തൈരും കൂട്ടി കുശാലായ ഊണ്.എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിലുള്ളവർക്കാണ് ഈ സ്പെഷ്യൽ മെനു. ബ്രിട്ടീഷുകാരന്റെ മെനു ഡിഫറന്റ് ആണ്. പ്രധാന ഐറ്റം ടോസ്റ്റഡ് ബ്രെഡ്. ഒാംലറ്റും സൂപ്പും പുറമെ.

രോഗബാധിതർക്ക് ആഹാര നിയന്ത്രണങ്ങൾ ഇല്ലെങ്കിലും പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കാനാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നിർദ്ദേശ പ്രകാരമുള്ള പ്രത്യേക മെനു. ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവരിൽ നിന്ന് നിർദ്ദേശങ്ങൾ ചോദിച്ചാണ് കൊറോണ നോഡൽ ഓഫീസർ ഡോ. ഫത്താഹുദീൻ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. ഗണേഷ് മോഹൻ, ഫുഡ് ഇൻ ചാർജ് ഡോ. ദീപ, സീനിയർ നഴ്‌സ് അമൃത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഭക്ഷണക്രമം തയ്യാറാക്കിയത്. മെഡിക്കൽ കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിൽ മെൻസ് ഹോസ്റ്റലിലാണ് കൊറോണ സ്പെഷ്യൽ അടുക്കള. 30 പേർക്ക് വരെ ഭക്ഷണം റെഡി.


ഇന്ത്യക്കാരുടെ ഭക്ഷണ ക്രമം
 രാവിലെ 7.30 : ദോശ, സാമ്പാർ, ചായ, മുട്ട പുഴുങ്ങിയത്, ഓറഞ്ച്, ഒരു ലിറ്റർ വെള്ളം
 10.30: പഴച്ചാറ്
 12.00: ചപ്പാത്തി, ചോറ്, തോരൻ , കറി, മീൻ പൊരിച്ചത്, തൈര്, ഒരു ലിറ്റർ വെള്ളം
 വൈകിട്ട് 3.30: ചായ, ബിസ്‌ക്കറ്റ് /പഴംപൊരി /വട
 രാത്രി 7.00: അപ്പം ,വെജിറ്റബിൾ സ്റ്റു, രണ്ട് ഏത്തപ്പഴം, ഒരു ലിറ്റർ വെള്ളം


വിദേശികളുടെ ഭക്ഷണ ക്രമം


 രാവിലെ 7.30: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട പുഴുങ്ങിയത്, പഴങ്ങൾ, സൂപ്

 11.00: പഴച്ചാറ്
 12.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, ചീസ് (ആവശ്യമുള്ളവർക്ക് ), പഴങ്ങൾ
 വൈകീട്ട് 4.00: പഴച്ചാറ്
 രാത്രി 7.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട, പഴങ്ങൾ