lorry
ക്രെയിൻ ഉപയോഗിച്ച് വഴിയരികിൽ സൂക്ഷിച്ചിരുന്ന പൊലീസിന്റെ കസ്റ്റഡി വാഹനങ്ങൾ നീക്കുന്നു.

ആലുവ: മാസങ്ങൾക്ക് ശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് ആലുവ പൊലീസ് നടപ്പിലാക്കി. ആലുവ - പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ പൊലീസ് സ്റ്റേഷന് മുമ്പിൽ നിരയായി പാർക്ക് ചെയ്തിരുന്ന 'തൊണ്ടി' വാഹനങ്ങൾ നീക്കി. ചെറുതും വലുതുമായ 16 വാഹനങ്ങളാണ് ക്രെയിൻ ഉപയോഗിച്ച് ട്രെയിലറിൽ കയറ്റി കളമശേരി പൊലീസ് ക്യാമ്പിലേക്ക് നീക്കിയത്. തുടർച്ചയായി മൂന്ന് ദിവസമെടുത്താണ് വാഹനങ്ങൾ നീക്കിയത്.

മണൽ ലോറികൾ ഉൾപ്പെടെ വർഷങ്ങളുടെ പഴക്കമുള്ളവയാണ് പലതും. മണൽ ലോറിയിലെല്ലാം ചെടികൾ വരെ വളർന്നു. പലവാഹനങ്ങളിലും വള്ളിപ്പടർപ്പുകളായി. കാറ്റും മഴയുമെല്ലാം ഏറ്റ് പല വാഹനങ്ങളും തുരുമ്പെടുത്ത് നശിച്ചു. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയർ ഓഫീസിന് മുമ്പിലെ പൊതുമരാമത്ത് റോഡിലാണ് കാൽനട യാത്രവരെ ദുസ്സഹമാക്കി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്.

വർഷങ്ങൾക്ക് മുമ്പ് സമാനമായ സാഹചര്യമുണ്ടായപ്പോൾ ആലുവ ട്രാഫിക്ക് യൂണിറ്റിന് പിന്നിലെ കാടുപിടിച്ച് കിടന്ന സ്ഥലത്തേക്ക് വാഹനങ്ങൾ മാറ്റിയിരുന്നു. പിന്നീട് പലപ്പോഴായി വന്ന വാഹനങ്ങളാണ് ഇപ്പോഴുള്ളത്. സബ് ജയിൽ ഗ്രൗണ്ട് മുതൽ എസ്.പി ഓഫീസിന് തൊട്ടുമുമ്പുള്ള പൊലീസ് ക്വാർട്ടേഴ്സ് വരെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്. ഫുട്പാത്ത് ഏതാണ്ട് പൂർണമായി കൈയേറിയ അവസ്ഥയാണ്.

കോടതികൾ, പൊലീസ് സ്റ്റേഷൻ, ട്രാഫിക് സ്റ്റേഷൻ, ഡിവൈ.എസ്.പി ഓഫീസ്, എസ്.പി ഓഫീസ്, കൺട്രോൾ റൂം, പൊതുമരാമത്ത് ഓഫീസുകൾ, എസ്.സി എസ്.ടി കോച്ചിംഗ് സെന്റർ തുടങ്ങി സ്ഥലങ്ങളിലേക്ക് പോകുന്നവർ നിത്യേന സഞ്ചരിക്കുന്ന റോഡിലാണ് കാൽ നടയാത്ര പൂർണമായി മുടക്കിയിരുന്നത്. അപകട ഭീതിയിൽ റോഡിലൂടെയായിരുന്നു കാൽനട. ഇതിനെതിരെ കീഴ്മാട് സ്വദേശി കെ. രഞ്ജിത്കുമാർ നൽകിയ പരാതിയിലാണ് വാഹനങ്ങൾ നീക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കുന്നതിൽ പൊലീസ് കാലതാമസം വരുത്തിയപ്പോൾ ഫുട്പാത്ത് നവീകരിക്കാനെന്ന നിലയിൽ പൊതുമരാമത്ത് വകുപ്പും പൊലീസിന് നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് നടപടിയുണ്ടായത്.