കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ 257 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതിൽ 149 പേരും കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ മാർച്ച് 6 മുതൽ 8 വരെ എറണാകുളത്ത് തങ്ങിയപ്പോൾ സമ്പർക്കം പുലർത്തിയെന്ന് സംശയിക്കുന്നവരാണ്. 80 പേർ എയർപോർട്ട് സ്‌ക്രീനിംഗ് വഴി ലഭിച്ചവരും 28 പേർ നേരിട്ട് ആശുപത്രികളിൽ എത്തിയവരുമാണ്.
# ഐസൊലേഷനിൽ ഒരാൾ കൂടി
കളമശേരിയിൽ ഐസൊലേഷൻ വാർഡിൽ ഇന്നലെ ഒരാളെ പുതിയതായി പ്രവേശിപ്പിച്ചു. 10 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിലെ ആശുപത്രികളിൽ 21 പേരാണ് നിരീക്ഷണത്തിലുള്ളത്. 14 പേർ കളമശ്ശേരിയിലും 7 പേർ മൂവാറ്റുപുഴയിലുമാണ്.
ജില്ലയിൽ നിന്ന് ഇന്നലെ 23 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് . 440 എണ്ണം ഇതുവരെ അയച്ചതിൽ 397 എണ്ണത്തിന്റെ ഫലം ലഭിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 282 പേർക്ക് ഇന്നലെ ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നൽകി.
# 2341 യാത്രക്കാരെ പരിശോധിച്ചു.
തിങ്കളാഴ്ച രാത്രി മുതൽ ചെവ്വാഴ്ച ഉച്ച വരെ കൊച്ചി വിമാനത്താവളത്തിൽ 24 അന്തർദേശീയ വിമാനങ്ങളിലെ 2341 യാത്രക്കാരെ പരിശോധിച്ചു. 31 പേരെ രോഗലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് ആശുപത്രികളിലേക്ക് മാറ്റി.
# 37 പേരെ വീട്ടിലെത്തിച്ചു
രോഗലക്ഷണങ്ങളില്ലാതിരുന്ന 37 പേരെ വീടുകളിലേയ്ക്ക് വിട്ടു. എയർപോർട്ടിൽ നിന്ന് പ്രത്യേകം വാഹനങ്ങളില്ലാണ് വീടുകളിൽ എത്തിക്കുന്നത്. ഹൈ റിസ്‌ക് കാറ്റഗറി രാജ്യങ്ങളിൽ നിന്ന് വന്നവരായതിനാലാണ് ഇപ്രകാരം ചെയ്യുന്നത്.
# 490 ഫോൺ വിളികൾ
ഇന്നലെ കൊറോണ കൺട്രോൾ റൂമിലെത്തിയത് 490 ഫോൺ വിളികൾ. 223 എണ്ണം പൊതുജനങ്ങളിൽ നിന്നാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങി നടക്കുന്നതായി അറിയിച്ചവയിൽ നടപടികൾക്ക് പൊലീസിന് കൈമാറി. സർക്കാർ നിർദേശം അവഗണിച്ചും നഴ്‌സിംഗ് സ്‌കൂളുകൾ ഉൾപ്പെടെ വിദ്യഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായും വിളികളെത്തി.
നിരീക്ഷണത്തിലുള്ളവർക്ക് ഡോക്ടറോട് ആരോഗ്യ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുവാൻ ആരംഭിച്ച വീഡിയോ കോൾ സംവിധാനത്തിൽ രണ്ടു ദിവസം കൊണ്ട് 17 പേർ വിളിച്ചു. 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും.