ആലുവ: കുട്ടമശേരി ചാലക്കലിൽ ഹിന്ദുമത വിശ്വാസിയായ യുവതിയെയും മൂന്ന് പെൺമക്കളെയും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമം നടത്തിയ കേസിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
പാലത്തിങ്കൽ റൈനയെയും മക്കളെയും ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിച്ച സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കണം. വാക്കത്തിയെടുത്ത് വധഭീഷണിപ്പെടുത്തിയ പ്രതിക്ക് ചിലർ സംരക്ഷണം നൽകുന്നുണ്ട്. റൈനയുടെ ഭർത്താവ് സുശീലൻ ഗൾഫിൽ വെച്ച് മതം മാറിയ ശേഷം നാട്ടിലെത്തിയാണ് ഭീഷണിമുഴക്കുന്നത്.

റൂറൽ എസ്.പിക്ക് പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധാർഹമാണ്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. പൊലീസ് നിസംഗത വെടിയണം. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി ഹിന്ദു ഐക്യവേദി രംഗത്തിറങ്ങുമെന്നും നേതാക്കൾ അറിയിച്ചു.

ഹിന്ദു ഐക്യവേദി ജില്ല വർക്കിംഗ് പ്രസിഡന്റ് പി.സി. ബാബു, താലൂക്ക് ജനറൽ സെക്രട്ടറി ത്രിദീപൻ, സംഘടന സെക്രട്ടറി അനിൽകുമാർ, സമിതി അംഗം കെ.വി. രാജൻ, മഹിളാ ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി കബിത അനിൽകുമാർ, താലൂക്ക് സമിതി അംഗം ശ്രീവിദ്യ എസ്. കർത്ത, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് രാധ പുരുഷോത്തമൻ, ശ്യാമള വിജയൻ എന്നിവർ യുവതിയുടെ വീട് സന്ദർശിച്ച് പിന്തുണ അറിയിച്ചു.