കോലഞ്ചേരി: കുടിയന്മാർ ക്യൂവിൽ തന്നെ, കൊറോണയെത്തുമോ എന്ന ഭയമൊന്നും ഇവരുടെ മനസിലില്ല. സ്പർശനം ഒഴിവാക്കലും ഒരു മീറ്റർ അകലം പാലിക്കലുമൊന്നും ഇവിടെ നടപ്പില്ല.
തൊട്ടുതൊട്ടു വരി നിന്നാലല്ലാതെ ബീവറേജസ് ഔട്ട്ലെറ്റുകളിൽ നിന്ന് ഇപ്പോഴും മദ്യം വാങ്ങാനാകില്ല. വീതികുറഞ്ഞ ഇടനാഴിയിൽ ഭിത്തിയിൽ തൊടാതെ ക്യൂ നിൽക്കുക അസാധ്യം. മുറുക്കി തുപ്പിയ കറകളും മദ്യക്കുപ്പികളിലെ ഹോളോഗ്രാം സ്റ്റിക്കറും നിറഞ്ഞു നിൽക്കുകയാണ് പരിസരങ്ങൾ. വില കുറഞ്ഞ മദ്യം വാങ്ങാനെത്തുന്നവരിലധികവും അന്യ സംസ്ഥാന തൊഴിലാളികളുമായിരിക്കെ പ്രതിരോധവും, മുൻ കരുതലും ക്യൂവിൽ പ്രഹസനമാകും. കൂടുതൽ കൗണ്ടറുകൾ തുറക്കുമെന്നു പ്രഖ്യാപനം ജലരേഖയായി. പല ബവ്‌റിജസ് ഔട്ട്ലെറ്റുകളുടെയും സമീപ പ്രദേശത്തു തന്നെ പരസ്യ മദ്യപാനവും നടക്കുന്നുണ്ട്. ഒരേ ഗ്ലാസിൽ ഒഴിച്ച് ഷെയറിടിച്ച് പിരിയുന്ന രീതികൾ അവിരാമം തുടരുന്നു.
ജീവനക്കാർ സാനിറ്റൈസറുകളും മാസ്‌കുകളും വാങ്ങി ഉപയോഗിക്കാൻ നിർദ്ദേശമുള്ളപ്പോൾ മദ്യം വാങ്ങാനെത്തുന്നവർക്ക് ഒരു നിയന്ത്രണവുമില്ല. ഔട്ട്ലെറ്റിന്റെ ഉൾവശം ലോഷൻ ഉപയോഗിച്ച് ദിവസവും തുടയ്ക്കാനുള്ള നിർദ്ദേശമുണ്ട് ,എന്നാൽ ഉള്ളിൽ കൂടി കിടക്കുന്ന മദ്യ കെയ്സുകൾ മാറ്റി എങ്ങിനെ തുടയ്ക്കുമെന്ന കാര്യത്തിൽ ജീവനക്കാർക്ക് ഒരെത്തും പിടിയുമില്ല.