പറവൂർ : പുത്തൻവേലിക്കര പഞ്ചായത്തിലെ തുരുത്തിപ്പുറം സർവീസ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഡയറക്ടർ ബോർഡ് അംഗം പി.ഒ. ജോസഫ് പരാതി നൽകി. പ്രാഥമിക അന്വേഷണത്തിലും സഹകരണസംഘം അസി. രജിസ്ട്രാർ നടത്തിയ അന്വേഷണത്തിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയ വിവരങ്ങൾ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്. നോട്ട് നിരോധന സമയത്ത് കൊടുങ്ങല്ലൂർ സ്വദേശിനിയുടെ അക്കൗണ്ട് വഴി പത്തുലക്ഷം രൂപ മാറ്റിയെടുത്തതടക്കം ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. കോൺഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. വ്യാജ വൗച്ചറുകൾ ഉണ്ടാക്കി പണം പിൻവലിച്ചതും ഭരണസമിതിഅംഗങ്ങൾ ദീർഘകാല കാർഷിക വായ്പയെടുത്ത വിവരങ്ങളുടെ വിവരങ്ങളും പരാതിയിലുണ്ട്.

ബാങ്കിനെ തകർക്കാനുള്ള ‌ഗൂഢശ്രമം : പ്രസിഡന്റ്

ആരോപണങ്ങൾ ബാങ്കിനെ തകർക്കാനുള്ള രാഷട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബാങ്ക് പ്രസിഡന്റ് പി.വി. ലാജു പറഞ്ഞു. രണ്ട് അന്വേഷണങ്ങളും ഏകപക്ഷീയമാണ് നടത്തിയത്. ഇതിനെതിരെ ഹൈക്കോടതിയിൽ ബാങ്ക് നൽകിയ ഹർജിയിൽ ബാങ്കിന്റെ ഭാഗം കേട്ടതിനു ശേഷമേ നടപടികൾ സ്വീകരിക്കാവൂയെന്ന് ഉത്തരവിട്ടുണ്ടെന്നും ഏതൊരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.