ആലുവ: ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും സ്വകാര്യ വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരുടെ എണ്ണം കൂടിയതോടെ നഗരത്തിലും ദേശീയപാതയിലും പൊലീസ് വാഹനപരിശോധന കർശനമാക്കി. ഇതോടെ ഉച്ചതിരിഞ്ഞ് വാഹന യാത്രികൾ നാമമാത്രമായി ചുരുങ്ങി.
വാഹനങ്ങളിൽ പോയവരിൽ ഭൂരിഭാഗവും ആശുപത്രി, മരണം, പലചരക്ക് കട എന്നിവിടങ്ങളിലേക്കെന്നാണ് പൊലീസിനോട് പറയുന്നത്. ഇക്കൂട്ടത്തിൽ ബീവറേജസിൽ മദ്യം വാങ്ങാൻ പോകുന്നവരുമുണ്ട്. അനാവശ്യ യാത്രയാണെന്ന് ബോദ്ധ്യമായെവരെയെല്ലാം പൊലീസ് തിരിച്ചയച്ചു. ഇത്തരം നടപടി ആവർത്തിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നൽകി. നഗരത്തിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നേരിട്ടാണ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടുള്ളത്. ജനറൽ മാർക്കറ്റ് ഭാഗത്തെല്ലാം എസ്.പിയുടെ നേരിട്ടുള്ള നിരീക്ഷണവുമുണ്ടായി.
അനാവശ്യമായി ആരെയും നഗരത്തിൽ ചുറ്റിക്കറങ്ങാനോ കൂട്ടംകൂടി നിൽക്കാനോ അനുവദിക്കില്ലെന്ന് എസ്.പി പറഞ്ഞു. റൂറൽ ജില്ലയിൽ 2500 ഓളം പൊലീസുകാരുടെ സേവനമുണ്ട്.