പറവൂർ : ആരോഗ്യവകുപ്പിന്റെ ബ്രേക്ക് ദി ചെയിൻ കാമ്പയിന്റെ ഭാഗമായി പറവൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ കൂട്ടായ്മയിൽ പൊതുജനങ്ങൾക്ക് കൈകൾ അണുവിമുക്തമാക്കാൻ വെള്ളവും ഹാൻഡ് വാഷും ഒരുക്കി മാതൃകയായി. നമ്പൂരിയച്ചൻ ആൽത്തറയ്ക്ക് സമീപത്തുള്ള ഓട്ടോസ്റ്റാൻഡിൽ വിശ്രമത്തിലുള്ള ഡ്രൈവർമാരുടെ കൂട്ടായ്മയാണ് പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കൈകൾ കഴുകി വൃത്തിയാക്കാൻ സൗകര്യമെരുക്കിയത്. ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങളാണ് ഇവർക്ക് പ്രചോദമായത്.
വലിയ ഡ്രമ്മിൽ പി.വി.സി ടാപ്പ് ഘടിപ്പിച്ചാണ് വെള്ളം ശേഖരിച്ചുവെച്ചിട്ടുള്ളത്. ഹാൻഡ് വാഷും തുടക്കാൻ ടിഷ്യൂ പേപ്പറും ഇവിടെ വെച്ചിട്ടുണ്ട്. വൈള്ളം തീരുമ്പോഴെല്ലാം സ്റ്റാൻഡിലുള്ള ഡ്രൈവർമാർ അടുത്തുനിന്നും വെള്ളം ഡ്രമ്മിൽ നിറക്കും. പരീക്ഷ കഴിഞ്ഞു വീട്ടിലേയ്ക്ക് മടങ്ങുന്ന വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ഇവിടെയെത്തി കൈകൾ വൃത്തിയാക്കിയാണ് പോകുന്നത്. ഡ്രൈവർമാരായ ഷിജുവും ജിപ്സണുമാണ് നേതൃത്വം നൽകുന്നത്.