കൊച്ചി: കൊറോണ കാരണം പ്രോഗ്രാമുകൾ നഷ്ടപ്പെട്ട് അവശതയനുഭവിക്കുന്ന കലാകാരൻമാർക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്ന് കെ.പി.സി.സി സംസ്‌കാര സാഹിതി ജില്ലാ വൈസ് ചെയർമാൻ വി.എസ്. ദിലീപ്കുമാർ ആവശ്യപ്പെട്ടു. ഉത്സവകാലം കൊറോണ കവർന്നതോടെ സംസ്ഥാനത്തെ നൂറിലധികം നാടക സമിതികൾ, ഗാനമേള, ബാലെ, മിമിക്രി ഗ്രൂപ്പുകൾ, കഥകളി, ചെണ്ടമേളക്കാർ, ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ്, പന്തൽ ജോലി തുടങ്ങിയവർ വരെ കടുത്ത പ്രതിസന്ധിയിലാണ്. ബുക്ക് ചെയ്തിരുന്ന പ്രോഗ്രാമുകൾ മുഴുവൻ റദ്ദാക്കി. വായ്പകൾ എടുത്ത നാടക സമിതികൾക്കും മറ്റും ഈ മാസത്തെ പ്രോഗ്രാമുകൾ റദ്ദാക്കിയതിനാൽ വായ്പാതിരിച്ചടവുകൾ പ്രതിസന്ധിയിലാണ്. അതിനാൽ വായ്പകൾക്ക് സാവകാശം നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് ദിലീപ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.