27,73,500 രൂപ

തൃക്കാക്കര : പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പിലെ മുഖ്യപ്രതി വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ കൂടുതൽ വെട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിലെ (എൻ.ഐ.സി) വനിതാ ജീവനക്കാരിയായ ചിഞ്ചു സുനിലിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് എം.പി ഫണ്ടിൽ നിന്നെന്ന പേരിൽ പ്രളയ ദുരിതാശ്വാസഫണ്ടിൽ നിന്നും 60,000 രൂപയാണ് മാറ്റി​യത്.

ചി​ഞ്ചുവി​ന്റെ അമ്മയ്ക്ക് ചി​കി​ത്സാ സഹായമായി​ കളക്ടറേറ്റ് ജീവനക്കാർ പി​രി​ച്ചെടുത്ത 60,000 രൂപ വി​ഷ്ണു കോട്ടയത്ത് ചെന്ന് കൈമാറി​യി​രുന്നു. ഇത് കടം വാങ്ങി​യതാണെന്ന് തെറ്റി​ദ്ധരി​പ്പി​ച്ച് അക്കൗണ്ട് നമ്പർ വാങ്ങി​യാണ് പ്രളയഫണ്ടി​ൽ നി​ന്ന് തുക നൽകി​യത്. ആദ്യം നൽകി​യ തുക തി​രി​കെ വാങ്ങുകയും ചെയ്തു.

പ്രളയ ഫണ്ടിൽ നിന്നും 4,70,000 രൂപയുടെ അധിക വെട്ടിപ്പാണ്‌ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.

മഹേഷ് ഇന്നോവയും ബുള്ളറ്റും വാങ്ങി​

നി​ധി​ൻ മാരുതി​ സ്വി​ഫ്റ്റ് ബുക്കു ചെയ്തു

കേസിലെ പ്രധാന പ്രതിയായ മഹേഷ് യൂസ്ഡ് ഇന്നോവ കാറും,ഇടപ്പള്ളി ഷോറൂമിൽ നിന്നും എൻഫീൽഡ് ബുളളറ്റ് വാങ്ങിയതായും കണ്ടെത്തി.

സി.പി.എം പ്രാദേശിക നേതാവും കേസിലെ ആറാം പ്രതിയുമായ നിധിൻ ഭാര്യ ഷിന്റുവിന്റെ പേരിൽ കാക്കനാട് ഇൻഡസ് മോട്ടോഴ്സിലെത്തി മാരുതി സ്വിഫ്റ്റ് കാർ വാങ്ങുന്നതിന് 30,000 രൂപ അഡ്വാൻസ് നൽകി​. വെട്ടി​പ്പ് പുറത്തുവന്നതോടെ ഫെബ്രുവരി 18 ന് ബുക്കിംഗ് റദ്ദാക്കി​ പണം മടക്കി​വാങ്ങി​.

പ്രധാനപ്രതികളായ വിഷ്ണുപ്രസാദും,മഹേഷും ചേർന്ന് തമിഴ് നാട്ടിൽ കോഴി ഫാം ആരംഭിക്കുന്നതിനായി പ്രളയഫണ്ടി​ൽ നി​ന്ന് 23,03,500 രൂപ വെട്ടിച്ചയതായാണ് കണ്ടെത്തിയിരുന്നത്. ഇത് കൂടാതെ 27,73,500 രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയതായി അന്വേഷണ സംഘം കോടതിക്ക് സമർപ്പിച്ച റി​മാൻഡ് റിപ്പോർട്ടിൽ പറയുന്നു.

# മൂന്ന് പ്രതികൾ കാണാമറയത്

പ്രളയ ഫണ്ട് വെട്ടിപ്പ് കേസിലെ പ്രതികളായ മുൻ ബാങ്ക് ഡയറക്ടറടക്കം മൂന്ന് പേർ ഇപ്പോഴും ഒളിവിൽ തന്നെ. സി​.പി​.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗമായ എം.എം.അൻവർ, അൻവറിന്റെ ഭാര്യയും അയ്യനാട് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായ കൗലത്ത്, രണ്ടാംപ്രതി മഹേഷിന്റെ ഭാര്യ നീതു എന്നിവരാണി​വർ.