police
ആലുവ കുട്ടമശേരിയിലെ ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിലെ പരീക്ഷ നിറുത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കീഴ്മാട് റോഡ് ഉപരോധിക്കുന്നു

ആലുവ: കൊറോണ ഭീതി നിലനിൽക്കെ ആലുവ കുട്ടമശേരിയിലെ ഓൺലൈൻ പരീക്ഷ സെന്ററിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ നടത്തിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. റോഡ് ഉപരോധിച്ച ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മൂന്ന് ബാച്ചുകളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 900 പേരാണ് പരീക്ഷയെഴുതിയത്. മാർച്ച് 28 വരെ ഇതേ രീതിയിൽ ഇവിടെ പരീക്ഷയുണ്ടാകും. ഇവരുടെ രക്ഷിതാക്കളും കൂടിയെത്തിയതോടെ ഇവി​ടെ ആൾക്കൂട്ടമായി​. ഇതിനെതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യം എം.എൽ.എ.യെ കണ്ട് കഴിഞ്ഞ ദിവസം നാട്ടുകാർ ഉന്നയിക്കുകയും ചെയ്തിരുന്നു. പരീക്ഷയ്‌ക്കെത്തുന്നവരെ തടയുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതിനാൽ വൻ ഡിവൈ.എസ്.പി. ജി. വേണുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. പൊലീസ് മൈക്ക് അനൗൺസ്‌മെന്റ് നടത്തി ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും തടഞ്ഞു.

കീഴ്മാട് റോഡിൽ കുത്തിയിരുന്ന വാർഡംഗം കെ.എം. അബു, കെ.ഇ. നവാസ്, ടി.എസ്. ഷഹബാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ വൈകിട്ടോടെ വിട്ടയച്ചു. ഇവരെ അൻവർസാദത്ത് എം.എൽ.എ. പൊലീസ് സ്‌റ്റേഷനിലെത്തി സന്ദർശിച്ചു. രാജ്യത്തെ ഒൻപത് മേഖലകളിലായി തിരിച്ച് ലക്ഷകണക്കിന് ഉദ്യോഗാർത്ഥികളാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ എഴുതുന്നത്. കേരളത്തിൽ എറണാകുളം, കണ്ണൂർ (രണ്ടെണ്ണം), കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷ സെന്ററുകൾ.