കോതമംഗലം: വടാട്ടുപാറ പലവൻ പടിപുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. വടാട്ടുപാറ ഗ്രൗണ്ട് ജംഗ്ഷനിൽ വീടിക്കുന്നേൽ ബാബുവിന്റെ മകൻ അനീഷിനെയാണ് (37) കാണാതായത്. കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ പലവൻ പടിപുഴയിൽ കുളിക്കാൻ ഇറങ്ങിയ അനീഷ് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ശക്തമായ ഒഴുക്കുള്ള പ്രദേശമാണ് ഇവിടെ. വനത്തിനോട് ചേർന്ന് ഒഴുകുന്ന ഈ പുഴയിൽ നിരവധി തവണ ആളുകൾ ഒഴുക്കിൽപ്പെട്ടിട്ടുണ്ട്. വനംവകുപ്പ് നിരോധനം ഏർപ്പെടുത്തിയ സ്ഥലമാണ് ഇത്.
ഇന്നലെ വൈകിട്ട് 4 മണിയോടെ കാണാതായ അനീഷിനുവേണ്ടി ഫയർഫോഴ്സും നാട്ടുകാരും പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണ്. കോതമംഗലം ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജി മാത്യുവിന്റെ നേതൃത്വത്തിൽ സ്കൂബാ ടീം സീനിയർ ഫയർ ആൻഡ് റെസ്ക്യൂക്യൂ ഓഫീസർ അനിൽകുമാർ ,ജോഷി, സിദ്ദിഖ്, ബിജു എന്നിവരാണ് തെരച്ചിൽ നടത്തിയത്. വെൽഡിംഗ് തൊഴിലാളിയായ അനീഷ് അവിവാഹിതനാണ്.