ആലുവ: സാമൂഹ്യ സേവനത്തിനായി അദ്ധ്യാപക ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഡോ. രജിത് കുമാർ പറഞ്ഞു. ആലുവ പൊലീസ് സ്‌റ്റേഷനിൽ ജാമ്യനടപടികൾ പൂർത്തിയാക്കിയ ശേഷം പുറത്തിറങ്ങവേ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് പറഞ്ഞപ്പോഴാണ് വിമാനത്താവളത്തിലെ സന്ദർശക വിലക്ക് പോലും താൻ അറിയുന്നത്. വിമാനത്താവളത്തിലെ സംഭവം അജ്ഞതയിൽ ഉണ്ടായതാണ്. 70 ദിവസമായി പുറംലോകവുമായി ബന്ധമില്ല.
നെടുമ്പാശേരിയിൽ നിന്ന് ടാക്‌സി വിളിച്ച് വീട്ടിൽ പോകാമെന്നാണ് കരുതിയത്. പുറത്തിറങ്ങിയപ്പോഴാണ് തന്നെ സ്‌നേഹിക്കുന്നവരുടെ ബാഹുല്യം മനസിലായത്. സംസ്ഥാനത്തിന്റെ പല ദിക്കിൽ നിന്ന് പരസ്പരം ബന്ധപ്പെടാതെ ചെറുസംഘങ്ങൾ വരുകയായിരുന്നു. ഇവർ നിയമക്കുരുക്കിൽപ്പെട്ടതിൽ വേദനയുണ്ട്. ആർക്കും ശല്യമാകേണ്ടെന്ന് കരുതിയാണ് രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തത്. സർക്കാറിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണം.