കൊച്ചി: ആദ്യം അൽ- അമീൻ എന്റർപ്രൈസസ് മാൻപവർ കൺസൾട്ടന്റസ്. പിന്നീടത് സൺ പോയിന്റ്, ഇപ്പോഴത് അൽ- അമീൻ എന്റർപ്രൈസസ്. എന്നാൽ, ഇതിന്റെയൊക്കെ ഉടമ ഒരാൾ തന്നെ. തൃശൂർ കല്ലേറ്റുംകര വല്ലക്കുന്ന് ഓട്ടോക്കാരൻ വീട്ടിൽ പോൾ ആന്റണി. കഴിഞ്ഞ നാലു വർഷങ്ങളായി സ്ഥാപനത്തിന്റെ പേരു മാറ്റി തട്ടിപ്പു നടത്തുന്ന വിരുതനാണ് പോൾ ആന്റണി കഴിഞ്ഞ ദിവസമാണ് ആന്റണി സമാനമായ കേസിൽ സെൻട്രൽ പൊലീസിന്റെ പിടിയിലായത്. അതോടെ ഈ പേരുമാറ്റത്തിന്റെ ഗുട്ടൻസും പുറത്തുവന്നു.
നാലു കൊല്ലം മുമ്പ് അൽ- അമീൻ എന്റർപ്രൈസസ് മാൻപവർ കൺസൾട്ടന്റസ് എന്ന സ്ഥാപനം തുടങ്ങി നിരവധി പേർക്ക് പോളണ്ടിലേക്ക് വിസ തരപ്പെടുത്താമെന്ന് കാട്ടി ഒരു ലക്ഷം രൂപം വീതമായിരുന്നു ഇയാൾ തട്ടിയെടുത്തത്. അന്ന് അറസ്റ്റ് ചെയ്തെങ്കിലും തുക നൽകി പല കേസുകളും ഒതുക്കി. പിന്നീട് സ്ഥാപനത്തിന്റെ പേര് മാറ്റി, വീണ്ടും പോളണ്ടിലേക്ക് വിസയെന്ന് പത്രപരസ്യം നൽകി ഇരകളെ തേടി. 2019 ൽ പഴയ പേര് തന്നെ രൂപമാറ്റം വരുത്തി, പോളണ്ടിനൊപ്പം ജപ്പാനിലേക്കും വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് തുടർന്നു. നാലു വർഷങ്ങൾക്കിടയിൽ സ്ഥലത്തോടൊപ്പം തട്ടിപ്പു രീതിയ്ക്കും പോൾ ആന്റണി മാറ്റം വരുത്തിയതായി പൊലീസ് പറയുന്നു.
ഹൈടെക് തട്ടിപ്പുവീരൻ
പരസ്യം നൽകിയാണ് പണ്ട് ഇരകളെ തേടിയതെങ്കിൽ ഇപ്പോൾ ഇയാളും ഇയാളുടെ തട്ടിപ്പ് സംഘവും ഹൈടെക് ആയി. സോഷ്യൽ മീഡിയ വഴിയായി പരസ്യങ്ങളുടെ പ്രചാരണം. വിദേശത്ത് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് കാട്ടിയുള്ള ആകർഷകമായ പരസ്യം തന്നെയാണ് ആളുകളെ വലയിലാക്കുന്നത്. പരസ്യം കണ്ട് ഫോണിൽ ബന്ധപ്പെടുന്നവരെ മോഹന വാഗ്ദാനം നൽകി വലയിൽ വീഴ്ത്തും. പോളണ്ട്, ജപ്പാൻ എന്നിവിടങ്ങളിൽ വമ്പൻ ജോലി സാദ്ധ്യതയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വ്യാജ സ്ഥാപനങ്ങളുടെ വിവരങ്ങളാണ് ഇയാൾ ഉദ്യോഗാർത്ഥികൾക്ക് നൽകിയിരുന്നത്.
നാലു കേസ്, തട്ടിയത് 20 ലക്ഷം വരെ
എറണാകുളം സെൻട്രൽ സ്റ്റേഷനിൽമാത്രം നാലു കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാലു കേസുകളിലായി ഇരുപതു ലക്ഷം രൂപാ വരെയാണ് തട്ടിയെടുത്തത്. നാല് ലക്ഷം മുതൽ 10ലക്ഷം വരെയാണ് ഇയാൾ വിസ വാഗ്ദാനം ചെയ്ത് പലരിൽനിന്ന് വാങ്ങിയത്. വിദേശ ജോലിക്കായി ഇയാൾ വീണ്ടും ഇന്റർവ്യൂ നടത്തുന്ന വിവരം ലഭിച്ചതോടെയാണ് പൊലീസ് ഇയാൾക്കായി വലവിരിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ കുടുങ്ങുകയും ചെയ്തു. വിദേശത്തേക്ക് ആളുകളെ കയറ്റിവിടുന്നതിനു വേണ്ട ലൈസൻസോ കോർപ്പറേഷന്റെ അനുമതിയോ ഇല്ലാതെയാണ് ഇയാൾ സ്ഥാപനം നടത്തിയിരുന്നതെന്ന് അന്വേഷണ ചുമതലയുള്ള സെൻട്രൽ ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ ഫ്ലാഷിനോട് പറഞ്ഞു. ഇയാളൊടൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.