• വ്യാപാരമാന്ദ്യകാലത്ത് വാടക ഒഴിവാക്കി ഷോപ്പിംഗ് കോംപ്ളക്സ് ഉടമയുടെ സഹായ ഹസ്തം
കളമശേരി:കൊറോണ വൈറസ് ഭീതി മൂലം കച്ചവടമില്ലാതെ പ്രതിസന്ധിയിലായ വ്യാപാരികൾക്ക് കെട്ടിട ഉടമയുടെ സഹായ ഹസ്തം. മാർച്ചിലെ വാടക വേണ്ടെന്ന സ്വമേധയാ പ്രഖ്യാപിക്കുകയായിരുന്നു എച്ച്.എം.ടി ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ളക്സ് ഉടമ അമീർ അഹമ്മദ്.
നാല്പതോളം കടകളിൽ നിന്നുള്ള ഒരു മാസത്തെ വരുമാനമായ മൂന്നര ലക്ഷം രൂപയാണ് അമീർ വേണ്ടെന്ന് വെച്ചത്.
കൊറോണ ഭീഷണിയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതോടെ എച്ച്.എം.ടി ജംഗ്ഷൻ വിജനമായി. പ്രൊഫഷണ കോളേജുകളും സർക്കാർ പോളിടെക്നിക്കും, ഐ.ടി.ഐയും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടും എൽ.ബി.എസും സെന്റ് പോൾസ് കോളേജും ഉൾപ്പടെ നിരവധി വിദ്യാലയങ്ങൾ എച്ച്.എം.ടി ജംഗ്ഷന് ചുറ്റുമുണ്ട്.
എറണാകുളം മെഡിക്കൽ കോളേജിലേക്കു പോകുന്നവരും ജംഗ്ഷനിലൂടെയാണ് സഞ്ചാരം. കൊറോണയെ തുടർന്ന് ആളില്ലാതായതോടെ പത്തിലൊന്ന് വരുമാനം പോലും ഒരു കച്ചവടക്കാർക്കും ലഭിക്കുന്നില്ല.
മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ കൂടിയാണ് കലൂർ സ്റ്റേഡിയം സ്കൈ ലെയിൻ ഗാർഡനിൽ താമസിക്കുന്ന
അമീർ അഹമ്മദ്.