കൊച്ചി : കോതമംഗലത്തെ മർത്തോമൻ ചെറിയപള്ളി സർക്കാർ ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. വിധി നടപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും പള്ളി ഏറ്റെടുത്ത് ഒാർത്തഡോക്സ് സഭയ്ക്ക് കൈമാറാൻ എറണാകുളം ജില്ലാ ഭരണകൂടം നടപടിയെടുക്കണമെന്നും ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.

പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസുകളിൽ 1934ലെ സഭാ ഭരണഘടന അനുസരിച്ച് പള്ളികൾ ഭരിക്കപ്പെടണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിന്റെഅടിസ്ഥാനത്തിൽ കോതമംഗലം പള്ളിയിൽ പ്രവേശിക്കാനെത്തിയ ഒാർത്തഡോക്സ് വിഭാഗം വികാരി ഫാ. തോമസ് പോൾ റമ്പാനെ യാക്കോബായ വിഭാഗം തടഞ്ഞു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് പള്ളി ഏറ്റെടുത്തു കൈമാറാൻ സിംഗിൾബെഞ്ച് സർക്കാരിനു നിർദ്ദേശം നൽകിയത്. 2019 ഡിസംബർ മൂന്നിലെ ഇൗ വിധി പുന: പരിശോധിക്കാൻ സർക്കാർ നൽകിയ ഹർജിയും സിംഗിൾ ബെഞ്ച് തള്ളി. തുടർന്നാണ് ജില്ലാ കളക്ടറും സർക്കാരും അപ്പീൽ നൽകിയത്.

കോടതി ഉത്തരവ് നടപ്പാക്കാൻ പൊലീസും ജില്ലാ ഭരണകൂടവും ഏതു തരത്തിൽ പ്രവർത്തിക്കണമെന്ന് പറയാൻ കോടതികൾക്ക് അധികാരമുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വികാരിയായ തോമസ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കുന്നതിനെ ഒരു സംഘം തടഞ്ഞാതാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കം. തടസങ്ങൾ ഒഴിവാക്കി വികാരിയെ പള്ളിയിൽ പ്രവേശിപ്പിക്കാനും ചടങ്ങുകൾ നടത്താനും ഇത്തരമൊരു നിർദ്ദേശം അനിവാര്യമാണ്. പള്ളി സർക്കാർ ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന വിധിയിൽ അപാകതയില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന വിധി സുപ്രീംകോടതി വിധിക്കെതിരാണെന്നായിരുന്നു സർക്കാരിന്റെ വാദം. പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാൻ കഴിയില്ലെന്നും ആചാരപരമായ അവകാശങ്ങൾക്കു വേണ്ടി ഇവ നിലനിറുത്തണമെന്നും കെ.എസ്. വർഗീസ് കേസിൽ സുപ്രീംകോടതിയുടെ വിധിയുണ്ടെന്നായിരുന്നു സർക്കാരിന്റെ വാദം. ആ നിലയ്ക്ക് പള്ളി സർക്കാർ ഏറ്റെടുക്കുന്നത് സുപ്രീംകോടതി വിധിക്കെതിരാണെന്നും ഒാർത്തഡോക്സ് വിഭാഗം വികാരി ഫാ. തോമസ് പോൾ റമ്പാന് മതിയായ യോഗ്യത ഇല്ലെന്നും സർക്കാർ വാദിച്ചു. എന്നാൽ ഇൗ വാദങ്ങൾ ഹൈക്കോടതി തള്ളി. ഒാർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന് സിവിൽ കോടതി ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കുന്നത് ആരെങ്കിലും ബലം പ്രയോഗിച്ചു തടഞ്ഞാൽ വിധി നടപ്പാക്കാനുള്ള ബാദ്ധ്യത ജില്ലാ ഭരണകൂടത്തിനും പൊലീസിനുമുണ്ട് - ഹൈക്കോടതി വ്യക്തമാക്കി. പള്ളി ഏറ്റെടുത്തു നൽകണമെന്ന സിംഗിൾബെഞ്ചിന്റെ വിധി നടപ്പാക്കാത്ത സാഹചര്യത്തിൽ തോമസ് പോൾ റമ്പാൻ സർക്കാരിനും എറണാകുളം കളക്ടർക്കുമെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.