കൊച്ചി: സ്‌മാർട്ട്സിറ്റി നഗര വികസന പദ്ധതി നടപ്പാക്കുന്നതിൽ കൊച്ചിക്ക് കുതിച്ചുകയറ്റം. കേന്ദ്ര സർക്കാരിന്റെ പുതിയ റാങ്കിംഗിൽ 21 ാം സ്ഥാനം കൊച്ചി കരസ്ഥമാക്കി. എട്ടു മാസം മുമ്പത്തെ 54 ാം റാങ്കിൽ നിന്നാണ് 33 റാങ്കുകൾ മറികടന്നത്. 150 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.

കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പുറത്തിറക്കിയ റാങ്കിലാണ് കൊച്ചി ഇക്കുറി 21 ാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ സെപ്തംബറിൽ 54 ാം റാങ്കിലായിരുന്നു കൊച്ചി. പദ്ധതിയുടെ തുടക്കത്തിൽ രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്ത് വന്നശേഷമാണ് പദ്ധതി നടത്തിപ്പിൽ ബഹുദൂരം പിന്നാക്കം പോയത്. പദ്ധതികൾ നടപ്പാക്കുന്നതിൽ വേഗത ലഭിച്ചതാണ് ഇക്കുറി റാങ്ക് വർദ്ധിക്കാൻ കാരണമായത്. കൊച്ചി സ്‌മാർട്ട്സിറ്റി മിഷൻ ലിമിറ്റഡാണ് പദ്ധതി നിർവഹണത്തിന് ചുക്കാൻ പിടിക്കുന്നത്.

കൊച്ചി ഉൾപ്പെടെ രാജ്യത്ത് നൂറു നഗരങ്ങളിലാണ് സ്‌മാർട്ട്സിറ്റി പദ്ധതി നടപ്പാക്കുന്നത്. നഗരങ്ങളുടെ സമഗ്രമായ വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. സ്‌മാർട്ട്സിറ്റിയുടെ ഭാഗമായ പദ്ധതികളുടെ 65 ശതമാനം വിവിധ നിർമ്മാണഘട്ടങ്ങളിലാണ്.

# വിലയിരുത്തിയത്

ടെൻഡർ ചെയ്ത പദ്ധതികളുടെ മൂല്യം.

പദ്ധതി നിർവഹണത്തിന് അനുമതി നൽകിയതിന്റെ മൂല്യം.

പൂർത്തിയാക്കിയ പദ്ധതികളുടെ മൂല്യം.

കൺവെർജൻസ് പദ്ധതികളുടെ മൂല്യം.

# തടസങ്ങൾ നിരവധി

പദ്ധതികൾ തയ്യാറാക്കുന്നതിലും അനുമതികൾ നേടുന്നതിലും സ്ഥലം ഏറ്റെടുക്കുന്നതിലും ടെൻഡർ ഏറ്റെടുക്കാൻ കരാറുകാർ മടിച്ചതുമുൾപ്പെ‌ടെ സംഭവിച്ച കാലതാമസമാണ് റാങ്കിംഗിൽ കൊച്ചി നേരത്തെ പിന്നാക്കം പോകാൻ കാരണമായത്. സ്‌മാർട്ട്സിറ്റി മിഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ നടത്തിയ തീവ്രശ്രമങ്ങളാണ് ഇവയെ മറികടക്കാൻ സഹായിച്ചത്.

# 150 കോടിയുടെ പദ്ധതികൾ

150 കോടി രൂപയുടെ പദ്ധതികളാണ് നിലവിൽ നടപ്പാക്കുന്നത്. എറണാകുളം മാർക്കറ്റ് വികസനം, തുരുത്തിയിൽ ഭവന സമുച്ചയം, സർവൈലൻസ് സെന്റർ എന്നിവയാണ് നിർമ്മാണം തുടരുന്ന പ്രധാന പദ്ധതികൾ. ജനറൽ ആശുപത്രിയിൽ ഇ ഹെൽത്ത് പദ്ധതി നടപ്പാക്കിയിരുന്നു. സ്‌മാർട്ട്സിറ്റി പദ്ധതികളിൽ രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പദ്ധതിക്കുള്ള അവാർഡ് ജനറൽ ആശുപത്രിയിലെ പദ്ധതി നേടിയിരുന്നു.

# ജീവിതനിലവാരം വർദ്ധിക്കും

പദ്ധതി നിർവഹണത്തിൽ സ്‌മാർട്ട്സിറ്റി മിഷൻ നടത്തിയ പരിശ്രമങ്ങളാണ് റാങ്കിംഗ് വർദ്ധിക്കാൻ സഹായിച്ചത്. നഗരവാസികളുടെ ജീവിതനിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പദ്ധതികൾ മിഷൻ നടപ്പാക്കും.

അൽക്കേഷ് കുമാർ ശർമ്മ

ചീഫ് എക്സിക്യുട്ടീവ് ഓഫീസർ

കൊച്ചി സ്‌മാർട്ട് മിഷൻ ലിമിറ്റഡ്