വിശപ്പുരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി രണ്ടിടത്ത് ജനകീയ ഹോട്ടലുകൾ

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് 37.32 കോടി രൂപ വരവും 33.82 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. വിശപ്പുരഹിത ഗ്രാമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി രണ്ട് കേന്ദ്രങ്ങളിൽ ജനകീയ ഹോട്ടലുകൾ സ്ഥാപിക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് കോർപ്പറേഷനുമായി സഹകരിച്ചുള്ള പദ്ധതിക്ക് 30 ലക്ഷം രൂപ വകയിരുത്തി.

25 രൂപയ്ക്ക് ഉച്ചഭക്ഷണവും പണമില്ലാത്തവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നതിനും അഗതികൾക്കും ആശ്രയമില്ലാത്തവർക്കും വീടുകളിൽ സൗജന്യമായി ഭക്ഷണമെത്തിക്കുന്നതിനും പദ്ധതിയുണ്ട്. പഞ്ചായത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്ന അത്താണിയിലെ കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണത്തിന് മൂന്ന് കോടി രൂപയും ഭവനരഹിതരില്ലാത്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വിവിധ പദ്ധതികൾ ഏകോപിപ്പിച്ചു ഭൂരഹിത ഭവനരഹിത പദ്ധതികൾക്കായി നാല് കോടി രൂപയും വകയിരുത്തി. കൃഷി, മൃഗസംരക്ഷണ മേഖലകൾക്കായി 62 ലക്ഷം രൂപയും മാലിന്യ സംസ്‌കരണത്തിന് ഹരിതകർമ്മസേനയെ പ്രയോജനപ്പെടുത്തി. ഖരമാലിന്യ ശേഖരണവും, തരംതിരിക്കലും തുമ്പൂർമൊഴി മോഡൽ ജൈവസംസ്‌കരണ പദ്ധതി നടപ്പിലാക്കാക്കുന്നതിനും ബഡ്ജറ്റ് ലക്ഷ്യമിടുന്നുണ്ട്. പാശ്ചാത്തല മേഖലയിൽ ഒരു കോടി 61 ലക്ഷം രൂപയും സാമൂഹ്യനീതി മേഖലയിൽ ഒരു കോടി 36 ലക്ഷം രൂപയും പട്ടികജാതി ക്ഷേമത്തിനായി 67 ലക്ഷം രൂപയും വനിതാ ക്ഷേമത്തിനായി 51 ലക്ഷം രൂപയും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി 30 ലക്ഷം രൂപയും നീക്കി വച്ചു.

പഞ്ചായത്ത് പ്രസിഡന്റ മിനി എൽദോ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ ബഡ്ജറ്റ് അവതരിപ്പിച്ചു.