ആലുവ: കുട്ടമശേരി ചാലയ്ക്കലിൽ മതം മാറ്ര ഭീഷണി നേരിടുന്ന യുവതിയും മൂന്ന് പെൺമക്കളും എസ്.എൻ.ഡി.പി യോഗം നേതാക്കൾക്കൊപ്പം ജില്ലാ പൊലീസ് മേധാവിയെ സന്ദർശിച്ച് അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടർന്ന് അന്വേഷണം ശക്തമാക്കാൻ ഡി.വൈ.എസ്.പി ജി. വേണുവിന് നിർദ്ദേശം നൽകി.
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, കൗൺസിലർ കെ.കെ. മോഹനൻ, ശാഖ പ്രസിഡന്റ് എൻ.ഐ. രവീന്ദ്രൻ എന്നിവർക്കൊപ്പമാണ് ചാലക്കൽ പാലത്തിങ്കൽ റൈനയും മക്കളും ജില്ലാ പൊലീസ് മേധാവിയെ സന്ദർശിച്ചത്.
ഇസ്ളാമിലേക്ക് മതം മാറണമെന്നാവശ്യപ്പെട്ട് ഭർത്താവ് സുശീലൻ വധ ഭീഷണി ഉയർത്തിയും വാക്കത്തിക്ക് ആക്രമിക്കാൻ വന്ന സംഭവമെല്ലാം യുവതി എസ്.പിയോട് നേരിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദുവായ ഭർത്താവിനെയാണ് തനിക്ക് വേണ്ടത്. ഭീതിയോടെയാണ് താനും കുട്ടികളും വീട്ടിൽ കഴിയുന്നത്. മന:സമാധാനത്തോടെ ജീവിക്കാൻ സാഹചര്യമൊരുക്കണമെന്നും യുവതി കണ്ണീരോടെ എസ്.പിയോട് അഭ്യർത്ഥിച്ചു.
മൂന്ന് വർഷം മുമ്പ് സൗദിയിൽ വച്ച് മതം മാറിയെന്ന് അവകാശപ്പെടുന്ന സുശീലൻ കഴിഞ്ഞ മൂന്നിനാണ് നാട്ടിലെത്തി യുവതിയെയും കുട്ടികളെയും ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിച്ചത്. വീട്ടിലെ ഹൈന്ദവ ദേവന്മാരുടെ ഫോട്ടോകൾ നശിപ്പിക്കുകയും ചെയ്തു.
സുശീലൻ മതമൗലികവാദികളുടെ കെണിയിൽ
വിവിധ ഹൈന്ദവ സംഘടന നേതാക്കളായ ശശി തുരുത്ത്, ടി.യു. മനോജ്, അയ്യപ്പൻകുട്ടി എന്നിവരും എസ്.പിയെ സന്ദർശിച്ച് നിർബന്ധിത മത പരിവർത്തനം സംബന്ധിച്ച കേസ് അന്വേഷണം ഊർജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. സുശീലൻ ചില മതമൗലീക വാദികളുടെ കെണിയിലാണെന്നും ഇവർ സുശീലന്റെ വീഡിയോ റെക്കാഡ് ചെയ്ത് നുണപ്രചരണം നടത്തുകയാണെന്നും ഹിന്ദു ഐക്യവേദി നേതാക്കൾ പൊലീസിനെ ധരിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ അടിസ്ഥാനരഹിതമായ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അന്വേഷണം ഊർജ്ജിതമെന്ന് ഡിവൈ.എസ്.പി
അന്വേഷണം ശക്തമായി നടക്കുന്നുണ്ടെന്നും പ്രതിക്കെതിരെ നടപടിയുണ്ടാകുമെന്നും അന്വേഷണ ചുമതല വഹിക്കുന്ന ഡിവൈ.എസ്.പി ജി. വേണു പറഞ്ഞു. തെളിവുകളായ വിവാഹ രജിസ്ട്രേഷൻ രേഖകളും മറ്റും ശേഖരിക്കുകയാണ്. അത് പൂർത്തിയായ ശേഷം അറസ്റ്റ് ഉൾപ്പെടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.