കോലഞ്ചേരി: ഇ പോസ് യന്ത്റത്തിൽ വിരൽ പതിക്കുന്നത് ഒഴിവാക്കിയപ്പോൾ റേഷൻ വിതരണം വേഗത്തിലായെന്ന് വ്യാപാരികൾ പറയുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് വിരൽ പതിക്കുന്നതിന് പകരം പാസ്‌വേഡ് അയക്കുന്ന രീതി നടപ്പാക്കിയത്.

മുമ്പ് മൂന്നും നാലും തവണ ശ്രമിക്കുമ്പോഴാണ് പലപ്പോഴും ഒ.ടി.പി നമ്പർ ലഭിച്ചിരുന്നത്.

ഇപ്പോൾ റേഷൻ കാർഡ് നമ്പർ ഇ പോസ് യന്ത്റത്തിൽ അടിച്ച ശേഷം റേഷൻ വാങ്ങാനെത്തുന്ന ആളുടെ പേരും രേഖപ്പെടുത്തിയാൽ മൊബൈൽ ഫോണിൽ 6 അക്ക ഒ.ടി.പി നമ്പർ ലഭിക്കും, അതും എന്റർ ചെയ്താൽ കാർഡ് ഉടമയ്ക്ക് അനുവദിച്ചിരിക്കുന്ന റേഷൻ സാധനങ്ങളുടെ വിവരം ലഭിക്കും. തുടർന്ന് ആവശ്യമായ സാധനങ്ങൾ വാങ്ങാം.റേഷൻ കാർഡിനായി ഫോം പൂരിപ്പിച്ചു കൊടുത്തപ്പോഴുള്ള മൊബൈൽ ഫോൺ നമ്പർ പലരും മാറിയിട്ടുണ്ട്. ഇത് പ്രശ്‌നം സൃഷ്ടിക്കുന്നു. ഇത്തരക്കാർക്ക് മാനുവൽ സിസ്​റ്റത്തിൽ റേഷൻ നൽകാമെങ്കിലും പ്രോത്സാഹിപ്പിക്കരുതെന്നാണ് കടക്കാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.