കൊച്ചി: കോവിഡ് 19 പശ്ചാത്തലത്തിൽ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി റെയിൽവേ. ഹൈദരാബാദ്, ചെന്നൈ, രാമേശ്വരം എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക ട്രെയിൻ സർവീസുകളാണ് യാത്രക്കാർ ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് റദ്ദാക്കിയത്. അവധിക്കാല തിരക്ക് പരിഗണിച്ചാണ് ഈ റൂട്ടുകളിൽ സ്‌പെഷ്യൽ സർവീസ് ഏർപ്പെടുത്തിയത്. ദിനംപ്രതി യാത്രക്കാർ കുറയുകയാണ്.
മാർച്ച് 25ന് സർവീസ് നടത്തേണ്ട ഹൈദരാബാദ്-എറണാകുളം വീക്ക്‌ലി സ്‌പെഷ്യൽ (07117), 26നുള്ള എറണാകുളം-ഹൈദരാബാദ് വീക്ക്‌ലി സ്‌പെഷ്യൽ (07118), ഏപ്രിൽ ഒന്നിനുള്ള തിരുവനന്തപുരം-ചെന്നൈ സെൻട്രൽ വീക്ക്‌ലി സ്‌പെഷ്യൽ (06048), രണ്ടാം തീയതിയിലെ ചെന്നൈ-തിരുവനന്തപുരം വീക്ക്‌ലി സ്‌പെഷ്യൽ (06047), ഏപ്രിൽ രണ്ടിലെ എറണാകുളം-രാമേശ്വരം വീക്ക്‌ലി സ്‌പെഷ്യൽ (06045), മൂന്നാം തീയതിയിലെ രാമേശ്വരം-എറണാകുളം വീക്ക്‌ലി സ്‌പെഷ്യൽ (06046) ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്.
വേളാങ്കണ്ണി, ചെന്നൈ സെൻട്രൽ എന്നിവിടങ്ങളിലേക്കുള്ള സ്‌പെഷ്യൽ ട്രെയിനുകളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഏപ്രിൽ ഒന്നു വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. മാർച്ച് 22,25,29 എപ്രിൽ ഒന്ന് ദിവസങ്ങളിൽ സർവീസ് നടത്തേണ്ട തിരുവനന്തപുരം സെൻട്രൽ-ചെന്നൈ സെൻട്രൽ എ.സി എക്‌സ്പ്രസ് (22208), മാർച്ച് 20,24,27,31 തീയതികളിലെ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എസി എക്‌സ്പ്രസ് (22207), ഈ മാസം 21ന് സർവീസ് നടത്തേണ്ട എറണാകുളം-വേളാങ്കണ്ണി സ്‌പെഷ്യൽ ട്രെയിൻ (06015), ഈ ട്രെയിനിന്റെ 22നുള്ള മടക്ക സർവീസ് (06016) എന്നിവയാണ് നേരത്തെ റദ്ദാക്കിയത്. യാത്രക്കാരില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ട്രെയിനുകൾ റദ്ദാക്കിയേക്കും.