കുറുപ്പംപടി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ബോധവത് ക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങളിലും ഹാൻഡ് വാഷിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും, ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വേങ്ങൂർ തൂങ്ങാലി ആശുപത്രിയിൽ 24 മണിക്കൂറും ടെലി കൗൺസിലിംഗ് ഏർപ്പെടുത്തി ജീവനക്കാർക്കും പൊതുജനങ്ങൾക്കും ബോധവത്കരണം നൽകുന്നതിന് ആശ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും ആശുപത്രി ജീവനക്കാരുടെയും സേവനം പ്രയോജനപ്പെടുത്തും. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ മൈക്ക് അനൗൺസ്മെന്റ് ഉൾപ്പെടെയുള്ളബോധവത്കരണ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും സമയബന്ധിതമായി നിരന്തര അവലോകന യോഗങ്ങൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം. എം. സലീം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോബി മാത്യു, കെ. സി. മനോജ്, പ്രീത സുകു, ഗായത്രി വിനോദ്, ബി ഡി ഒ വി. എൻ. സേതുലക്ഷ്മി, ഹെൽത്ത് സൂപ്പർവൈസർ കെ.എൻ. രാധാകൃഷ്ണൻ, വിവിധ ഘടക സ്ഥാപനങ്ങളുടെ മേധാവികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.