malinyam
കാട്ടേപ്പാടത്ത് റോഡിനോട് ചേർന്ന് മാലിന്യം തള്ളിയിരിക്കുന്നു

ആലുവ: ചൂർണിക്കര പഞ്ചായത്തിലെ കട്ടേപ്പാടത്ത് വീണ്ടും മാലിന്യം തള്ളുന്നതായി പരാതി. പാടശേഖരത്തിന് നടുവിലൂടെ കടന്നുപോകുന്ന മാരിയിൽ പൈപ്പ്‌ലെൻ റോഡിന്റെ ഇരു വശങ്ങളിലും വലിയതോതിൽ മാലിന്യങ്ങൾ തള്ളിയിരിക്കുകയാണ്. ഭക്ഷണ അവശിഷ്ടങ്ങൾ, കുപ്പിച്ചില്ല്, നാപ്കിൻ പാഡുകൾ തുടങ്ങിയവയാണ് ഈ ഭാഗത്ത് കൊണ്ടുവന്ന് തള്ളുന്നത്.

അടയാളം സംഘടനയുടെ നേതൃത്വത്തിൽ കട്ടേപ്പാടത്ത് കൃഷിക്ക് വേണ്ടി നിലമൊരുക്കിയ ഭാഗത്താണ് ഇപ്രാവശ്യം മാലിന്യം തള്ളിയിരിക്കുന്നത്. ഇത് കൃഷിയുടെ തുടർപ്രവർത്തനങ്ങൾക്ക് തടസസമായിട്ടുണ്ട്. കട്ടേപ്പാടത്ത് കൃഷിയിറക്കിയതിനാൽ മാലിന്യം തള്ളുന്നതിന് ഒരു പരിധിവരെ കുറവുണ്ടായിരുന്നു. എന്നാൽ, കൊയ്ത്തുകഴിഞ്ഞതോടെ വീണ്ടും മാലിന്യം വന്നുതുടങ്ങി. വഴി നടക്കാൻ കഴിയാതിരുന്ന മാരിയിൽ റോഡ് അടയാളത്തിന്റെ കൃഷിയോടെയാണ് മാലിന്യത്തിൽ നിന്ന് രക്ഷപെട്ടത്. എന്നാൽ ഏതാനും ദിവസങ്ങളായി തുടരുന്ന മാലിന്യംതള്ളൽ കൃഷിയും വഴിയാത്രയും തടസപ്പെടുത്തുന്ന തരത്തിലേക്ക് എത്തിയിരിക്കുകയാണ്.

കാമറകൾ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടി നിയമനടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് അൻസാർ അടയാളം, സെക്രട്ടറി ടി.എം. അൻസാർ, ട്രഷറർ ഷാഹിന ഹുസൈൻ, യൂണിറ്റ് പ്രസിഡന്റ് എം.എം.അൻവർ കുന്നത്തേരി എന്നിവർ സംസാരിച്ചു.