sanitiser-mask

കൊച്ചി : കൊറോണ ഭീഷണിയുള്ള സാഹചര്യത്തിൽ മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വില സർക്കാർ നിശ്ചയിച്ച് സർക്കുലർ ഇറക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കേന്ദ്ര സർക്കാർ അവശ്യ സാധനങ്ങളുടെ ലിസ്റ്റിൽ ഇവ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ കരിഞ്ചന്ത തടയാൻ നടപടി വേണമെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഷോപ്പിംഗ് മാളുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, സർവകലാശാലകൾ തുടങ്ങിയവ അടയ്ക്കണമെന്നും മാസ്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരുടെ സന്നദ്ധ സംഘടനയായ ജസ്റ്റിസ് ബ്രിഗേഡ് നൽകിയ ഹർജിയിലാണ് നിർദ്ദേശം. രോഗ പ്രതിരോധത്തിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും മറ്റും മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം. ആളുകൾ തിങ്ങിക്കൂടുന്നതു തടയാൻ നിരോധനമല്ല, സ്വയം നിയന്ത്രണമാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

സംസ്ഥാനത്ത് 25 ലേറെ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മാസ്കുകളും സാനിറ്റൈസറുകളും പൂഴ്‌ത്തി വച്ച് കരിഞ്ചന്തയിൽ കച്ചവടം നടത്തുന്നവർക്കെതിരെ നിയമ നടപടി സാദ്ധ്യമാണ്. മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത ഉറപ്പാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ നടപടി സ്വീകരിച്ചു. കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി സർവീസിന്റെ സംസ്ഥാനത്തെ 67 ഒൗട്ട്ലെറ്റുകൾ വഴി മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് നൽകും.കരിഞ്ചന്തയും അമിത വിലയും തടയാൻ അസി. ഡ്രഗ്സ് കൺട്രോളർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.