കൊച്ചി: മുത്തൂറ്റ് ഫിനാൻസിൽ സി.ഐ.ടി.യു നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ജീവനക്കാർക്ക് തൊഴിൽ ചെയ്യുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുവാൻ സർക്കാരും തൊഴിൽ വകുപ്പും മുൻകൈയെടുക്കണമെന്ന് ആവശ്യം. സംസ്ഥാനത്തെ 568 ശാഖകളിൽ 2500 ജീവനക്കാർ ജോലിചെയ്യുന്നു. 2285 തൊഴിലാളികൾ സേവന വ്യവസ്ഥകളിൽ തൃപ്തരാണ്. ചെറിയ ശതമാനം മാത്രമാണ് സമരത്തിലെന്നും ജീവനക്കാരുടെ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഭൂരിപക്ഷം ജീവനക്കാർക്കും തൊഴിൽ നിഷേധിക്കുന്ന സമീപനമാണ് തൊഴിലാളി സംഘടനയുടേത്. ജോലിക്കെത്തുന്നവരെ കൈയ്യേറ്റം ചെയ്യുന്നതുൾപ്പടെ നിരവധി സംഭവങ്ങളുണ്ടായി. പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. പുറമേ നിന്നെത്തിയവരാണ് സമരത്തിന് നേതൃത്വം നൽകുന്നതും അക്രമം അഴിച്ചുവിടുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു. 16 ക്രിമിനൽ കേസുകൾ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജോലി ചെയ്യുന്നതിനുള്ള സാഹചര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ലേബർ കമ്മിഷ്ണർക്ക് പരാതി നൽകിയതായും സമരവുമായി ബന്ധപ്പെട്ട് ഇന്നും തുടർ ചർച്ചകൾ നടക്കുമെന്നും അവർ അറിയിച്ചു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ സംഘം ചേരരുതെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം നിലനിൽക്കെ 30ഓളം സി.ഐ.ടി.യു പ്രവർത്തകരാണ് ദിവസവും മുത്തൂറ്റ് ശാഖകൾക്ക് മുന്നിലെത്തി സമരം ചെയ്യുന്നതെന്നും ഇവർ പറഞ്ഞു.
കോഴഞ്ചേരി ബ്രാഞ്ച് സീനിയർ മാനേജർ സാം എം. ജോർജ്, നേര്യമംഗലം ബ്രാഞ്ച് മാനേജർ മിനിമോൾ ജോസഫ്, കട്ടപ്പന ബ്രാഞ്ച് മാനേജർ അനിത ബോബൻ, എൻഎ. തോമസ്, ധന്യ പി. നായർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.