കൊച്ചി : മുനമ്പം ഹോം സ്റ്റേയിൽ നിന്ന് പിടികൂടിയ തമിഴ്നാട് സ്വദേശികൾ ഉൾപ്പെട്ട ഗുണ്ടാസംഘത്തെ കൂടുതൽ സമയം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം നിരസിച്ച ഞാറയ്ക്കൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് എറണാകുളം ജില്ലാ സെഷൻസ് കോടതി റദ്ദാക്കി.

പ്രതികളെ നാളെ വരെ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു. പെരുമ്പാവൂരിലെ ഗുണ്ടയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ എടുത്ത എട്ടംഗ സംഘമാണ് മുനമ്പത്തെ ഹോംസ്റ്റേയിൽ നിന്ന് പിടിയിലായത്. ഇവരെ മാർച്ച് ആറു മുതൽ 11 വരെ മജിസ്ട്രേട്ട് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു കൊടുത്തു. മാർച്ച് 11 ന് രാവിലെ 11.30 ന് പ്രതികളെ തിരിച്ച് ഹാജരാക്കാനായിരുന്നു കോടതി ഉത്തരവ്. എന്നാൽ ഇവരെ കൂടുതൽ സമയം കസ്റ്റഡിയിൽ വിടണമെന്നാവശ്യപ്പെട്ട് മാർച്ച് 11 ന് പൊലീസ് അപേക്ഷ നൽകി. പക്ഷേ, പ്രതികളെ അര മണിക്കൂർ വൈകിയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയതെന്ന് നിരീക്ഷിച്ച മജിസ്ട്രേട്ട് കോടതി അപേക്ഷ നിരസിച്ചു. തുടർന്നാണ് പൊലീസ് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.