കൊച്ചി: രാജേന്ദ്രമൈതാനത്ത് സ്വകാര്യ കമ്പനി നടത്തിയ അനധികൃത നിർമ്മാണം പൊളിച്ചു കളയാൻ ഉത്തരവിട്ട് ജി.സി.ഡി.എ. ലേസർഷോ സൗജന്യമായി നടത്താൻ കരാറെടുത്ത ആർട്ട് ഒഫ് ക്രിയേഷൻ രാജേന്ദ്ര മൈതാനിയിൽ പണിത നിർമ്മാണങ്ങളാണ് പൊളിച്ചുമാറ്റുന്നത്.

ഫുഡ് കോർട്ടിനായി 10 താത്കാലിക സ്റ്റാളുകൾ മാത്രം പണിയാൻ അനുവാദം കൊടുത്തിടത്താണ് മറ്റ് നിർമ്മാണം നടത്തിയത്. ഇത് കരാർ ലംഘനമാണെന്ന് ജി.സി.ഡി.എ ചെയർമാൻ അഡ്വ. വി. സലീം പറയുന്നു. കൂടാതെ മൈതാനിയിലെ ടൈലിട്ട ഭാഗം ഉപയോഗിക്കാനും സ്വകാര്യ കമ്പനിക്ക് അനുവാദമില്ല.

എൽ.ഡി.എഫ് ഭരണസമിതി അധികാരത്തിൽ വന്നശേഷം 2018 ജനുവരി ഒന്നിനാണ് രാജേന്ദ്രമൈതാനം വീണ്ടും പൊതുജനത്തിന് തുറന്നുകൊടുത്തത്. മൈതാനിയിലെ ലേസർ ഷോ ഉപകരണങ്ങൾ നശിച്ചു പോകാതിരിക്കാനാണ് ആർട്ട് ഒഫ് ക്രിയേഷൻ കമ്പനിയെ ഏൽപ്പിച്ചത്. സൗജന്യമായി നടത്തണമെന്നായിരുന്നു നിർദ്ദേശം. പദ്ധതി ഉദ്ഘാടന തീയതി മുതൽ 6 മാസത്തിന് ശേഷം പ്രതിമാസം 50,000 രൂപ അതോറിട്ടിയിൽ അടക്കണം എന്നായിരുന്നു കരാർ. വരുമാനത്തിനായാണ് 10 താത്കാലിക സ്റ്റാളുകൾ നടത്തുന്നതിന് അതോറിട്ടി സ്ഥാപനത്തിന് അനുവാദം നൽകിയത്.

യു.ഡി.എഫ് നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയുടെ കാലയളവിൽ ആണ് രാജേന്ദ്രമൈതാനത്ത് ലേസർ ഷോ പ്രൊജക്ടർ സിസ്റ്റം നടപ്പാക്കാൻ തീരുമാനിച്ചത്. പദ്ധതി ചെലവിന്റെ 30 ശതമാനം അതോറിട്ടി ഫണ്ടിൽ നിന്നും ബാക്കി 70 ശതമാനം ബാങ്ക് ലോണായും പദ്ധതി തുക കണ്ടെത്തണമെന്നുമായിരുന്നു സർക്കാർ ഉത്തരവ്. 3 കോടി രൂപ ചെലവിൽ ലേസർ പ്രൊജക്ടർ സിസ്റ്റം സ്ഥാപിച്ച് 5 വർഷം ടേൺകീ വ്യവസ്ഥയിൽ പ്രവർത്തിപ്പിച്ച് പരിപാലനം നടത്തുന്നതിന് ദേശീയതലത്തിൽ ടെണ്ടർ വിളിച്ച് പദ്ധതി നടപ്പാക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേൽ വ്യവസ്ഥകൾ അംഗീകരിച്ച് സർക്കാർ ഉത്തരവായി. എന്നാൽ ഈ പദ്ധതിക്ക് സർക്കാരിന്റെ സാങ്കേതികാനുമതി ലഭിച്ചിരുന്നില്ല. മുൻ ഭരണസമിതി ബാങ്ക് വായ്പ എടുക്കാതെ തനത് ഫണ്ട് ഉപയോഗിച്ച് നാല് കോടിയിലധികം രൂപ ചെലവാക്കി സ്വകാര്യ കമ്പനിക്ക് കൈമാറി. എന്നാൽ പദ്ധതിയിൽ നിന്ന് ആകെ ലഭിച്ച വരുമാനം 8 ലക്ഷം രൂപ മാത്രമാണ്. 2016 ഡിസംബർ മുതൽ സാങ്കേതിക തകരാർ മൂലം പ്രവർത്തനം നിർത്തിവെച്ചു. കരാർ വ്യവസ്ഥ പ്രകാരം ഒരു വർഷം 700 ഷോ നടത്തിയിരിക്കണം എന്നുണ്ടായിരുന്നിട്ടും ആദ്യവർഷം 400 ഷോപോലും നടത്തിയില്ല. ഇതിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്.