കൂത്താട്ടുകുളം : കനാലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് അമ്മയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ പണ്ടപ്പള്ളി കനാലിൽ വച്ചുണ്ടായ സംഭവത്തിൽ പാലക്കുഴ മാറിക അരിശേരികര പരേതനായ മാധവന്റെ ഭാര്യ സുജയാണ് (40) മുങ്ങിമരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് സുജയും മകൾ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ശ്രീതുമോളും കനാലിൽ കുളിക്കാൻ എത്തിയത്. ഇതിനിടെ കാൽവഴുതി ശ്രീതു ഒഴുക്കിൽപെടുകയും സുജ മകളെ രക്ഷിച്ചു കരയ്ക്കുകയറ്റുകയും ചെയ്തു. എന്നാൽ സുജ വീണ്ടും ഒഴുക്കിൽപ്പെടുകയായിരുന്നു.
ശ്രീതു കരഞ്ഞു ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി സുജയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പാലക്കുഴ പഞ്ചായത്തിലെ സിഡിഎസ് അംഗമാണ് സുജ. മകൻ: ശ്രീരാഗ്. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.