mask

ആലുവ: കൊറോണ ഭീതി നിലനിൽക്കെ കുട്ടമശേരിയിലെ ഓൺലൈൻ പരീക്ഷാ സെന്ററിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ നടത്തിപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സെന്റർ അധികൃതർ പരീക്ഷാർത്ഥികൾക്ക് മാസ്കും കൈയുറയും സാനിറ്റൈസറും നൽകി.

ഇന്നലെ രാവിലെ പരീക്ഷയെഴുതാനെത്തിയ 300 പേർക്കാണ് പരീക്ഷാ സെന്റർ അധികൃതർ സ്വന്തം ചെലവിൽ രോഗപ്രതിരോധ സംവിധാനങ്ങൾ നൽകിയത്. മാർച്ച് 28 വരെ നീണ്ടുനിൽക്കുന്ന പരീക്ഷ കഴിഞ്ഞ 17നാണ് ആരംഭിച്ചത്. 300 പേർ വീതം മൂന്ന് ബാച്ചുകളിലായി 900 പേർ പരീക്ഷയെഴുതുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവരും കൂട്ടിരിപ്പുകാരും ഉൾപ്പെടെ രണ്ടായിരത്തോളം പേർ ദിവസേനയെത്തും. രോഗഭീതിയെത്തുടർന്ന് പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വഴിതടയൽ സമരം ഉൾപ്പെടെ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് പ്രതിരോധ സംവിധാനം ഏർപ്പെടുത്തിയത്.

പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യം അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിയോട് ഉന്നയിച്ചിരുന്നു. പരീക്ഷാ സെന്ററിന് മുമ്പിൽ ഡിവൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സുരക്ഷയുണ്ട്.

കീഴ്മാട് റോഡിൽ കുത്തിയിരുന്ന വാർഡംഗം കെ.എം. അബു, കെ.ഇ. നവാസ്, ടി.എസ്. ഷഹബാസ് എന്നിവരെയാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ ഒൻപത് മേഖലകളിലായി തിരിച്ച് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ എഴുതുന്നത്. കേരളത്തിൽ എറണാകുളം, കണ്ണൂർ (രണ്ടെണ്ണം), കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാ സെന്ററുകൾ.