jasmin-shah

കൊച്ചി : യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യു.എൻ.എ) സാമ്പത്തിക തട്ടിപ്പു കേസിൽ ഒന്നാം പ്രതിയായ ദേശീയ പ്രസിഡന്റ് ജാസ്‌മിൻ ഷാ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. മാർച്ച് 23 ന് ഹർജി വീണ്ടും പരിഗണിക്കും.

ജാസ്‌മിൻ ഷായും കൂട്ടരും സംഘടനയുടെ ഫണ്ടിൽ നിന്ന് വൻതുക തട്ടിയെടുത്ത് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. സംഘടനയിൽ നിന്നു പുറത്താക്കിയ ഒരാളുടെ പരാതിയിലാണ് കേസെന്നും ആരോപണങ്ങൾ ശരിയല്ലെന്നും ജാസ്‌മിൻ ഷായുടെ ഹർജിയിൽ പറയുന്നു.

കേസിൽ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. രേഖകൾ പിടിച്ചെടുക്കുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. ആദ്യം കേസ് അന്വേഷിച്ച തൃശൂരിലെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രാഥമികാന്വേഷണ റിപ്പോർട്ട് 2019 ഏപ്രിൽ പത്തിന് ക്രൈംബ്രാഞ്ച് എസ്.പിക്ക് നൽകിയിരുന്നു. ഇൗ റിപ്പോർട്ട് അവഗണിച്ച് തനിക്കെതിരെ അന്വേഷണം നടത്തുകയാണ്. ഈ നീക്കം സംഘടനയെ തകർക്കാനാണ്. തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹർജിയിൽ പറയുന്നു.