കൊച്ചി: ബ്രേക് ദ ചെയിനിൻ്റെ ഭാഗമായി കൊച്ചി കോർപ്പറേഷൻ നഗരത്തിലെ 50 പൊതുഇടങ്ങളിൽ സാനിറ്റൈസറും കൈകൾ വൃത്തിയാക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. ഒരു ലക്ഷം മാസ്കുകൾ വിതരണം ചെയ്യുമെന്നും മേയർ സൗമിനി ജെയിൻ പറഞ്ഞു. കൊറോണയെ നേരിടുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുന്നതിനായി മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിൻ്റെയും നേതൃത്വത്തിൽ നടന്ന വീഡിയോ കോൺഫറൻസിന് ശേഷം കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മേയർ.
#മറ്റു തീരുമാനങ്ങൾ
#സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തെർമ്മൽ സ്കാനർ വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെയും ഹെൽത്ത് ഓഫീസറെയും ചുമതലപ്പെടുത്തി
#ആളുകൾ കൂട്ടം കൂടാൻ പാടില്ല. യോഗങ്ങളുടെ സമയദൈർഘ്യം വെട്ടിച്ചുരുക്കണം
#കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ ഹെൽപ്പ്ലൈൻ നമ്പറും ഹെൽപ്പ് ഡെസ്കും തുടങ്ങുന്ന കാര്യം പരിഗണിക്കും
# പാർക്ക്, പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹെൽത്ത് ഓഫീസറെ ചുമതലപ്പെടുത്തി. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന കച്ചവടക്കാരുടെ ലൈസൻസ് റദ്ദാക്കും. അനധികൃത തട്ടുകടകൾ നിരോധിക്കും
#പ്രതിരോധ പ്രവർത്തനങ്ങൾ അവലോകം ചെയ്യുന്നതിനായി ആരോഗ്യ വിഭാഗം എല്ലാ ആഴ്ചയിലും യോഗം ചേരും. എല്ലാ സ്ഥിരംസമിതി അദ്ധ്യക്ഷൻമാരും പ്രതിപക്ഷ നേതാവും ഈ യോഗങ്ങളിൽ പങ്കെടുക്കണം.
# ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിയിൽ കൊറോണ രോഗപരിശോധനയ്ക്കാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും
#വൈറസ് പരിശോധനയ്ക്കും രോഗ ചികിത്സയ്ക്കും സഹായമാകുന്ന വിധത്തിൽ സ്വകാര്യ ആശുപത്രികൾ അപ്ഗ്രേഡ് ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും
#സ്ക്വാഡുകൾ രൂപീകരിക്കും
ആശപ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തി ഓരോ ഡിവിഷനുകളിലും സ്ക്വാഡുകൾ രൂപീകരിക്കും. ആളുകളെ യാതൊരു വിധത്തിലും ബുദ്ധിമുട്ടിക്കുന്ന വിധത്തിലാവരുത് സ്ക്വാഡിൻ്റെ പ്രവർത്തനമെന്ന് മേയർ ഓർമ്മിപ്പിച്ചു. ഓരോ ഡിവിഷനിലെയും പ്രവർത്തനങ്ങളെ കുറിച്ച് സ്ക്വാഡ് ആഴ്ച തോറും ഹെൽത്ത് ഓഫീസർക്ക് റിപ്പോർട്ട് നൽകണം.